Site icon Malayalam News Live

വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ദേശീയപാതയില്‍ അപകടത്തില്‍ പെട്ടു; ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി 17കാരിക്ക് ദാരുണാന്ത്യം

മലപ്പുറം: ദേശീയപാതയില്‍ വെളിയങ്കോട് മേല്‍പ്പാലത്തിലുണ്ടായ അപകടത്തില്‍ 17കാരിക്ക് ദാരുണാന്ത്യം.

ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ളാം ഹയർ സെക്കന്ററി മദ്രസ വിദ്യാ‌ർത്ഥി ഹിബ(17) മരിച്ചത്.
അപകടത്തില്‍ പാലത്തിന്റെ കൈവരിയിലെ തെരുവ്‌ വിളക്കില്‍ തലയിടിച്ചായിരുന്നു കുട്ടിയുടെ മരണം.

തിങ്കളാഴ്‌ച പുലർച്ചെ 3.45ഓടെയാണ് അപകടം ഉണ്ടായത്. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ളാം ഹയർ സെക്കന്ററി മദ്രസയില്‍ നിന്ന് കുട്ടികളുമായി വാഗമണ്ണില്‍ ടൂർ പോയി മടങ്ങുകയായിരുന്നു ബസ്.

മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിച്ചശേഷം ബസ് സ്‌ട്രീറ്റ് ലൈറ്റിലും ഇടിക്കുകയായിരുന്നു. രണ്ട് കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. ഗുരുതര പരിക്കുള്ള ഇവരെ മലപ്പുറം കോട്ടയ്‌ക്കലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് ‌ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഹിബയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version