Site icon Malayalam News Live

പമ്പാവാലി ബഫർസോൺ വിരുദ്ധ ജനകീയ സമരം; കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നിന്ന് 61 പേർക്ക് ജാമ്യം, പ്രതികളിൽ 3 പേർ സ്ത്രീകൾ

എരുമേലി: പമ്പാവാലി ബഫർസോൺ വിരുദ്ധ ജനകീയ സമരവുമായി ബന്ധപ്പെട്ട് സമരത്തിൽ പങ്കെടുത്ത കേസിൽ നാട്ടുകാരായ 61 പേർ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരായി ജാമ്യം എടുത്തു.

പമ്പാവാലി, എയ്ഞ്ചൽവാലി മേഖലയിലുള്ള 63 നാട്ടുകാരാണു കേസിൽ ഉൾപ്പെട്ടിരുന്നത്. സ്വകാര്യ ബസ് ബുക്ക് ചെയ്താണ് ഇന്നലെ ഇവർ കോടതിയിലെത്തിയത്. എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജയിംസ് കൊല്ലംപറമ്പിൽ, എരുമേലി പഞ്ചായത്ത് മുൻ പ്രസിഡന്റ് മറിയാമ്മ സണ്ണി, പഞ്ചായത്ത് അംഗം മാത്യു ജോസഫ് എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളിൽ 3 പേർ സ്ത്രീകളാണ്.

11,12 വാർഡുകളായ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ സർക്കാർ പ്രസിദ്ധീകരിച്ച ബഫർസോൺ മാപ്പിൽ വനമേഖലയായി രേഖപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ജനങ്ങളും ജനപ്രതിനിധികളും സമരവുമായി തെരുവിലിറങ്ങിയത്.

കേസ് നടന്ന ഘട്ടത്തിൽ ഒരാൾ മരണപ്പെടുകയും ഒരാൾ വിദേശത്തു പോവുകയും ചെയ്തു. 30,000 രൂപ വീതം ബോണ്ട് വ്യവസ്ഥയിൽ ആണ് ജാമ്യം. കേസ് ഒക്ടോബർ 10ലേക്ക് മാറ്റി. വനംവകുപ്പ് പമ്പാ റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരാണ് കേസിലെ പരാതിക്കാർ.

അഴുതിമുന്നിയിൽ ഉണ്ടായിരുന്ന വനംവകുപ്പിന്റെ ബോർഡ് പിഴുത് സമരക്കാർ പമ്പാ റേഞ്ച് വനം വകുപ്പ് ഓഫിസിനു മുന്നിൽ എത്തിച്ച് കരിഓയിൽ ഒഴിച്ച് നശിപ്പിച്ച് 3397 രൂപ നഷ്ടം വരുത്തി എന്നതാണു കേസ്.

വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ വധഭീഷണി മുഴക്കൽ, അന്യായമായി സംഘംചേരൽ, വനഭൂമിയിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികൾക്കു വേണ്ടി അഡ്വ. ബിനോയ് മങ്ങന്താനം ഹാജരായി.

Exit mobile version