Site icon Malayalam News Live

രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും; ജനപ്രിയ പ്രഖ്യാപനങ്ങൾക്കായി ഉറ്റുനോക്കി കേരളം

നിയമസഭയിൽ ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റാണിന്ന്. രാവിലെ ഒമ്പതിന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കുന്ന ബജറ്റിൽ വികസന – ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. സർക്കാർ ജീവനക്കാർക്ക് ഡിഎ കുടിശിക വിതരണം, ശമ്പള പരിഷ്‌കരണം എന്നിവ സംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ബജറ്റിൽ ക്ഷേമ പെൻഷൻ വർധന ഉണ്ടാകുമോ എന്നത് ആകാംക്ഷ നൽകുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമുള്ള അഷ്വേഡ് പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചേക്കും. സാമ്പത്തിക ഞെരുക്കത്തിനിടയിലും വികസന ക്ഷേമ പദ്ധതികളോട് വിട്ടുവീഴ്ച വേണ്ട എന്നാണ് സർക്കാർ നിലപാട്.

എല്ലാ മേഖലയിലും കുതിച്ചു ചാട്ടം ഉണ്ടാകുന്ന ബജറ്റ് ആയിരിക്കും. സഭയില്‍ വെച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രതീക്ഷ നല്‍കുന്നതാണ്. സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര ഉത്പാദനം 9.3 ശതമാനത്തില്‍ നിന്ന് 9.97 ശതമാനമായി ഉയര്‍ന്നു. മൊത്തം വരുമാനം 1,24,861.07 കോടിയായി കൂടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.3 ശതമാനത്തിന്റെ വളര്‍ച്ച. സംസ്ഥാനത്തിന്റെ തന്നത് വരുമാനം 2.7 ശതമാനം വര്‍ദ്ധിച്ചു. കാര്‍ഷിക, മത്സ്യ മേഖലയിലും വളര്‍ച്ചയുണ്ടായി. കാര്‍ഷികമേഖലയിലെ വളര്‍ച്ച 1.25 ശതമാനത്തില്‍ നിന്നും 2.14 ആയി ഉയര്‍ന്നു. മത്സ്യമേഖല നെഗറ്റീവ് വളര്‍ച്ചയില്‍ നിന്ന് 10.55 ശതമാനം വളര്‍ച്ച നേടി. എന്നാല്‍ കേന്ദ്ര വിഹിതം മുന്‍ വര്‍ഷത്തെക്കാള്‍ 6.15 ശതമാനമായി കുറഞ്ഞെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോഴും ക്ഷേമ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നാണ് സർക്കാറിന്റെ പ്രഖ്യാപനം. വരുമാനം വർദ്ധിപ്പിക്കാൻ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്നും ബജറ്റിൽ വ്യക്തമാകും. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം ലൈറ്റ് മെട്രോ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ബജറ്റിൽ വൻതുക നീക്കിവെക്കാൻ സാധ്യതയുണ്ട്.

Exit mobile version