പത്തനംതിട്ട: ദേവസ്വം ബോർഡ് നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സിപിഎം ഏരിയ കമ്മിറ്റിയംഗം കുറ്റക്കാരനെന്ന് കണ്ടെത്തല്‍. കുറ്റം കണ്ടെത്തിയതോടെ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി നടപടി സ്വീകരിച്ചു.
തിരുവല്ല ഏരിയ കമ്മിറ്റി അംഗം കൊച്ചു പ്രകാശ് ബാബുവിനെതിരെയാണ് സിപിഎം നടപടി സ്വീകരിച്ചിരിക്കുന്നത്. രണ്ടരവർഷം മുമ്പ് ഗുരുവായൂർ ദേവസ്വം ബോർഡില്‍ ക്ലറിക്കല്‍ പോസ്റ്റില്‍ നിയമനം നടത്തി തരാമെന്ന് പറഞ്ഞ് രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കൊച്ചു പ്രകാശ് ബാബുവിനെതിരായ കുറ്റം.
തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും കൊച്ചു പ്രകാശ് ബാബുവിനെ പാർട്ടി ഒഴിവാക്കി. ഏരിയ കമ്മിറ്റി അംഗമായ ബാബുവിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച നടന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിന് കോഴ വാങ്ങിയത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊച്ചു പ്രകാശ് ബാബുവിനെതിരെ നടപടിയെടുത്തിരിക്കുന്നത്. മറ്റൊരു പാർട്ടി അംഗമാണ് ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നത്.
