കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം വിൽക്കാനൊരുങ്ങി കെഎസ്ആർടിസി; ഒരു വിഹിതം കണ്ടക്ടർക്കും ഡ്രൈവർക്കും

കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. പുറത്തു കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലായിരിക്കും കെഎസ്ആർടിസിയിൽ വെള്ളം നൽകുക. ഒരു കുപ്പി വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും നല്‍കും. ഉടന്‍ തന്നെ ഈ സംവിധാനം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോര്‍പ്പറേഷന്‍ വാങ്ങി നല്‍കിയ 113 ബസുകളില്‍ നല്ലാരു ഭാഗവും സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളില്‍ ഓടുന്നുവെന്ന മേയര്‍ വിവി രാജേഷിന്റെ പ്രസ്താവനക്കെതിരെയും മന്ത്രി സംസാരിച്ചു. സിറ്റി ബസുകളില്‍ ഒന്നും തിരുവനന്തപുരത്തിന് പുറത്ത് ഓടുന്നില്ലെന്നും മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബസുകള്‍ വേണമെന്ന് മേയര്‍ എഴുതിത്തന്നാല്‍ 113 ബസുകളും കോര്‍പ്പറേഷന് നല്‍കും. പഠിച്ചിട്ട് മാത്രം കാര്യങ്ങള്‍ പറയണം. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആരും പറയേണ്ടെന്നും തിരുവനന്തപുരത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.