Site icon Malayalam News Live

പ്രമുഖ ബോളിവുഡ് നടൻ ധർമ്മേന്ദ്ര അന്തരിച്ചു

മുംബയ്: വിഖ്യാത ബോളിവുഡ് നടനും മുൻ എം.പിയുമായ ധർമേന്ദ്ര അന്തരിച്ചു. മുംബയ് ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.

ഇന്നലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ധർമ്മേന്ദ്രയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. നടി ഹേമമാലിനിയാണ് ഭാര്യ. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ എന്നിവരാണ് മക്കള്‍.

 

1935 ഡിസംബര്‍ 8ന് ആയിരുന്നു ധർമേന്ദ്രയുടെ ജനനം.1960-ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പതിറ്റാണ്ടുകള്‍ ബോളിവുഡിന്റെ തലപ്പത്ത് ധർമേന്ദ്ര നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹഖീഖത്ത്, ഫൂല്‍ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകള്‍ ഭരിച്ചു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരനും വാണിജ്യപരമായി വിജയവും സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങളില്‍ ഒരാളായി ധർമ്മേന്ദ്ര മാറി.

 

ബോളിവുഡിന്റെ ഹീമാൻ എന്നായിരുന്നു ധർമ്മേന്ദ്രയ്ക്ക് നല്‍കിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അദ്ദേഹം 300ലധികം സിനിമകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചതിൻ്റെ റെക്കോർഡും ധർമ്മേന്ദ്രയുടെ പേരിലാണ്. 1973ല്‍ അദ്ദേഹം എട്ട് ഹിറ്റുകളും 1987ല്‍ തുടർച്ചയായി ഏഴ് ഹിറ്റുകളും ഒമ്ബത് വിജയ ചിത്രങ്ങളും നല്‍കി. ഇത് ഹിന്ദി സിനിമാ ചരിത്രത്തില്‍ എക്കാലത്തേയും റെക്കോർഡാണ്.

 

അൻഖേൻ, ശിക്കാർ, ആയാ സാവൻ ഝൂം കെ, ജീവൻ മൃത്യു, മേരാ ഗാവ് മേരാ ദേശ്, സീതാ ഔർ ഗീത, രാജാ ജാനി, ജുഗ്നു, യാദോൻ കി ബാരാത്, ദോസ്ത്, ഛാസ്, പ്രതിഗ്ഗ്, ഗുലാമി, ഹുകുമത്, ആഗ് ഹി ആഗ്, എലാൻ-ഇ-ജംഗ്, തഹല്‍ക്ക, അൻപദ്, ബന്ദിനി, ഹഖീഖത്ത്, അനുപമ, മംമ്ത, മജ്‌ലി ദീദി, സത്യകം, നയാ സമന, സമാധി, ദോ ദിശയെൻ, ഹത്യാർ തുടങ്ങിയവ അദ്ദേഹത്തിന്‍റെ ഏറെ ശ്രദ്ധേയമായ സിനിമകളാണ്. 1990-കളുടെ അവസാനം മുതല്‍, വിജയകരവും പ്രശംസനീയവുമായ നിരവധി ക്യാരക്ടർ റോളുകളില്‍ ധർമേന്ദ്ര എത്തി. 1997ല്‍ ബോളിവുഡിന് നല്‍കിയ സംഭാവനകള്‍ക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡും അദ്ദേഹത്തെ തേടി എത്തിയിരുന്നു.

 

2012ല്‍, ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. മുന്‍ എംപി കൂടിയാണ് ധര്‍മേന്ദ്ര. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ പ്രധാന വേഷത്തില്‍ എത്തുന്ന ഇക്കിസയിലാണ് ധർമേന്ദ്ര ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഈ പടം 2025 ഡിസംബറില്‍ റിലീസ് ചെയ്യാനിരിക്കെയാണ് പ്രിയ നടന്‍റെ അന്ത്യം.

Exit mobile version