Site icon Malayalam News Live

‘മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ല’; ലൈംഗിക അധിക്ഷേപക്കേസിൽ പ്രതി ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി

കൊച്ചി: മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് ബോബി.

നടി ഹണി റോസ് നൽകിയ ലൈം​ഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയും കോടതി പരി​ഗണിക്കും.

164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്മെന്റ് ഇന്നലെ പോലീസിന് ലഭിച്ചതായി കൊച്ചി ഡിസിപി ജിജി അശ്വതി പറഞ്ഞു. അത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കും. ജാമ്യം ലഭിക്കുമോ എന്നത് കോടതിയാണ് തീരുമാനിക്കേണ്ടത്.

പ്രതിയുടെ  സമാനമായ മറ്റ് പരാമർശങ്ങൾ പരിശോധിക്കും. നിലവിൽ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഹ​ണി റോസിന്റെ രഹസ്യമൊഴി കൂടി പരിഗണിച്ചാകും നടപടികൾ. റിമാൻഡ് റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

Exit mobile version