Site icon Malayalam News Live

പക്ഷിപ്പനി; താറാവ്, കോഴി, കാട, മുട്ടയോ ഇറച്ചിയോ കാഷ്ടമോ വില്‍ക്കരുത്; 28 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

ആലപ്പുഴ: മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രഭവകേന്ദ്രത്തില്‍ നിന്നും 10 കി.മീ ചുറ്റളവില്‍ വരുന്ന സർവലൈൻസ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ താറാവ്, കോഴി എന്നിവയുടെ മുട്ട ഇറച്ചി വില്‍പ്പനയടക്കം തടഞ്ഞ് ഉത്തരവ്.

കൈനകരി, നെടുമുടി, ചമ്പക്കുളം, തലവടി, അമ്പലപ്പുഴതെക്ക്, തകഴി, ചെറുതന, വീയപുരം, മുട്ടാർ, രാമങ്കരി, വെളിയനാട്, കാവാലം, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നീലംപേരൂർ, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, മാന്നാർ, കാർത്തികപ്പള്ളി, ഹരിപ്പാട് നഗരസഭ, പള്ളിപ്പാട്, എടത്വ, പുന്നപ്ര വടക്ക്, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും 08/05/2024 വരെ നിരോധിച്ച്‌ ജില്ലാ കളക്ടർ ഉത്തരവായി.

മേല്‍ പറഞ്ഞ ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വില്‍പ്പനയും കടത്തലും നടക്കുന്നില്ലായെന്ന് അതാത് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർ ഉറപ്പുവരുത്തണം.

സ്ക്വാഡ് രൂപീകരിച്ച്‌ കർശന പരിശോധനകള്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. കുട്ടനാട്, അമ്പപ്പുഴ തഹസില്‍ദാർമാർ പ്രത്യേക പരിശോധനാ സ്ക്വാഡുകള്‍ രൂപീകരിച്ച്‌ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കർശന പരിശോധനയും മേല്‍നോട്ടവും നടത്തേണ്ടതാണെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

Exit mobile version