പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് പരാതി.
അരിയുടെ ബ്രാന്റ് ഉടമയ്ക്കും കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ സല്‍മാനുമെതിരെ നോട്ടീസ് അയച്ചു.
പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
നടൻ ദുല്‍ഖർ സല്‍മാനോടും കമ്പനി ഉടമയോടും ഡിസംബർ മൂന്നിന് കമ്മീഷന് മുൻപാകെ ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്.
പത്തനംതിട്ട സ്വദേശിയായ പി എൻ ജയരാജൻ സമർപ്പിച്ച പരാതിയിലാണ് നോട്ടീസ അയച്ചത്. പത്തനംതിട്ട കാറ്ററിംഗ് സ്ഥാപനം നടത്തുന്ന പരാതിക്കാരൻ വിവാഹ ചടങ്ങിന് ബിരിയാണി വയ്ക്കാൻ ഈ ബ്രാൻഡ് അരി വാങ്ങിയിരുന്നുവെന്നും എന്നാല്‍ അരിച്ചാക്കില്‍ പാക്ക് ചെയ്ത ഡേറ്റും എക്സ്പെെറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
ഈ അരിവച്ച് ബിരിയാണി ഉണ്ടാക്കി വിളമ്പിയതിന് പിന്നാലെ അത് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റെന്നാണ് ആരോപണം. അരി വിറ്റ മലബാർ ബിരിയാണി ആന്റ് സ്‌പെെസസ് എന്ന സ്ഥാപനത്തിനെതിരെയും പരാതിയുണ്ട്.
എങ്കിലും ബ്രാൻഡ് അംബാസഡറായ ദുല്‍ഖർ സല്‍മാനെ മുഖ്യപ്രതിയാക്കിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
ദുല്‍ഖർ സല്‍മാനെ പരസ്യത്തില്‍ കണ്ട് സ്വാധീനിക്കപ്പെട്ടാണ് താൻ ഈ അരി വാങ്ങിയതെന്നും പരാതിക്കാരൻ പറയുന്നു.
