Site icon Malayalam News Live

പാര്‍ട്ടി വിരുദ്ധ നടപടി: പാലാ നഗരസഭാ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെ സിപിഎം പുറത്താക്കി

കോട്ടയം: പാലാ നഗരസഭാ കൗണ്‍സിലർ ബിനു പുളിക്കകണ്ടത്തിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഎം പുറത്താക്കി.

പാര്‍ട്ടി വിരുദ്ധ നിലപാടുകളുടെ പേരിലാണ് പുറത്താക്കിയത്. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ ബിനു പുളിക്കകണ്ടം വിമർശനം ഉന്നയിച്ചിരുന്നു.

പാലാ നഗരസഭയില്‍ സിപിഎം പാർലമെന്ററി പാർട്ടി നേതാവാണ് നിലവില്‍ ബിനു പുളിക്കകണ്ടം. ബിനുവിനെ പുറത്താക്കാനുള്ള പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കി.

പാലാ നഗരസഭയിലെ ചെയർമാൻ സ്ഥാനത്തേക്ക് ബിനുവിനെ കൊണ്ടുവരുന്നതിനെതിരെ കേരള കോണ്‍ഗ്രസ് എം നിലപാട് എടുത്തതാണ് നഗരസഭയില്‍ തര്‍ക്കങ്ങള്‍ തുടങ്ങാൻ കാരണം. പിന്നീട് വെളുത്ത വസ്ത്രം ഉപേക്ഷിച്ച്‌ കറുപ്പ് വസ്ത്രം മാത്രം അണിഞ്ഞ ബിനു പുളിക്കകണ്ടം കറുപ്പ് ഉപേക്ഷിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതോടെയാണ് ബിനു പുളിക്കകണ്ടം പ്രതിഷേധം അവസാനിപ്പിച്ചത്. നിലനില്‍പ്പിനായി അപേക്ഷിക്കുന്നവരോട് ബാലിശമായ യുദ്ധങ്ങള്‍ നടത്താൻ ഇല്ലെന്നായിരുന്നു ബിനുവിൻ്റെ നിലപാട്.

Exit mobile version