ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചത് ഇഷ്ടമായില്ല; കാല്‍നടയാത്രക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ലിഫ്റ്റ് ചോദിച്ച യുവാവിനെ തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബൈക്ക് യാത്രികൻ അറസ്റ്റില്‍.

വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ അംബികാ ഭവനില്‍ നിധീഷിനെയാണ് (23) വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റു ചെയ്തത്. കാച്ചാണി സ്വദേശി ജലീല്‍ ജബ്ബാര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കാഞ്ഞിരംപാറ ജങ്ഷനു സമീപമാണ് സംഭവം. നഗരത്തിലെ തിയേറ്ററില്‍ സിനിമ കണ്ടശേഷം വാഹനം കിട്ടാതെ നടന്ന് ജലീല്‍ വീട്ടിലേക്കു പോകുകയായിരുന്നു.

ഇതിനിടയില്‍ ബൈക്കിലെത്തിയ നിധീഷിനോട് ലിഫ്റ്റ് ചോദിച്ചു. ഇത് നിധീഷിന് ഇഷ്ടമായില്ല. ഇയാള്‍ ജലീലിനെ അസഭ്യം പറഞ്ഞതോടെ ഇരുവരും തര്‍ക്കമുണ്ടായി.

തുടര്‍ന്ന് നിധീഷ്, ജലീലിനെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തിയശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വട്ടിയൂര്‍ക്കാവ് പോലീസ് നിധീഷിനെ പിടികൂടി.