Site icon Malayalam News Live

ബൈക്ക് അപകടം; പൊലീസടക്കം എത്തിയെങ്കിലും യുവാവ് റോഡില്‍ കിടന്നത് അരമണിക്കൂറോളം; ഒടുവില്‍ ദാരുണാന്ത്യം

തിരുവനന്തപുരം: മാറനല്ലൂരില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു.

മാറനല്ലൂർ സ്വദേശി വിവേക് (23) ആണ് മരിച്ചത്. ആരും തിരിഞ്ഞുനോക്കാതെ അരമണിക്കൂറാണ് യുവാവ് റോഡില്‍ കിടന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഞായറാഴ്ച രാത്രി ബൈക്ക് പോസ്റ്റിലിടിച്ചാണ് അപകടം. റോഡില്‍ വീണുകിടക്കുന്ന യുവാവിനെ അതുവഴി വന്ന ഇരുചക്ര വാഹനത്തിലുള്ളയാളും, പിന്നീട് കാറില്‍ വന്നവരുമൊക്കെ ഇറങ്ങി നോക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. പക്ഷേ ആശുപത്രിയില്‍ കൊണ്ടുപോകാൻ ആരും തയ്യാറായില്ല.

പതിനഞ്ച് മിനിട്ടിന് ശേഷം ഇതുവഴി പൊലീസ് വാഹനം വന്നു. വീണ്ടും പതിനഞ്ച് മിനിട്ടിന് ശേഷമാണ് ആംബുലൻസ് എത്തിയത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കാറിലോ അല്ലെങ്കില്‍ പിന്നീട് വന്ന പൊലീസ് വാഹനത്തിലോ യുവാവിനെ കൊണ്ടുപോയില്ലെന്നും അങ്ങനെ കൊണ്ടുപോയിരുന്നെങ്കില്‍ ചിലപ്പോള്‍ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും നാട്ടുകാരും ബന്ധുക്കളും. എന്നാല്‍ ഗുരുതരമായി പരിക്കേറ്റുകഴിഞ്ഞാല്‍ മുൻ കരുതലില്ലാതെ ജീപ്പില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് കൂടുതല്‍ അപകടമുണ്ടാക്കുമെന്നും അതിനാല്‍ ആംബുലൻസിനെ വിളിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

Exit mobile version