Site icon Malayalam News Live

നടിയെ ആക്രമിച്ച കേസ് ;ബൈജു പൗലോസിന്റെ വിസ്താര രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ വിചാരണക്കോടതിയിൽ വിസ്തരിക്കുന്നതിന്റെ രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദേശം. സംസ്ഥാന സർക്കാരിനാണ് സുപ്രീം കോടതി നിർദേശം നൽകിയത്.
കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകൻ ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുകയാണെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേത്തുടർന്നാണ് വിസ്താര രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.
കേസിന്റെ വിചാരണ അനന്തമായി നീണ്ടു പോകുകയാണെന്ന് പൾസർ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ശ്രീറാം പറക്കാട് ചൂണ്ടിക്കാട്ടി. 95 ദിവസമായി കേസിലെ 261-ാം സാക്ഷിയെ എട്ടാം പ്രതിയുടെ അഭിഭാഷകൻ ക്രോസ് വിസ്താരം ചെയ്യുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇത്രയും ദിവസം ക്രോസ് വിസ്താരം നടത്തുന്നതെന്തിനെന്ന് കോടതി ആശ്ചര്യപ്പെട്ടു. തുടർന്നാണ് സംസ്ഥാന സർക്കാരിനോട് 261-ാം സാക്ഷിയായ ബൈജു പൗലോസിന്റെ ക്രോസ് വിസ്താര രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്.
പൾസർ സുനി ഏഴ് വർഷത്തിലധികമായി ജയിലിൽ കഴിയുകയാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
കേസിൽ സംസ്ഥാന സർക്കാർ ഹാജരാക്കുന്ന വിസ്താര രേഖകൾ പരിശോധിച്ച ശേഷം പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി തീരുമാനമെടുക്കും. സെപ്റ്റംബർ 17-നാണ് ജാമ്യ ഹർജി പരിഗണിക്കുക.

Exit mobile version