Site icon Malayalam News Live

അങ്കണവാടിയിൽ വീണ് കുഞ്ഞിന് ​ഗുരുതര പരിക്ക്; തലയിൽ ആന്തരിക രക്തസ്രാവം; കഴുത്ത് ഉറയ്ക്കുന്നില്ല; സുഷുമ്നാനാഡിക്ക് ക്ഷതം; കുട്ടി വീണത് അങ്കണവാടി അധികൃതർ മറച്ചുവെച്ചുവെന്ന് ആരോപണം; മറന്നുപോയെന്ന് അധികൃതർ; സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: അങ്കണവാടിയിൽ വീണ് കുഞ്ഞിന് ​ഗുരുതര പരിക്ക്. മാറനല്ലൂർ പോങ്ങുംമൂട് ഷിബു നിവാസിൽ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്ക് (3) തലയ്ക്കാണ് പരിക്കേറ്റത്. തുടർന്ന് എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിക്ക് തലയിൽ ആന്തരിക രക്തസ്രാവം ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. കുഞ്ഞിന്റെ കഴുത്ത് ഉറയ്ക്കുന്നില്ലെന്നാണ് വിവരം. വീഴ്ചയിൽ സുഷുമ്നാനാഡിക്ക് ക്ഷതം സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടി വീണത് അങ്കണവാടി അധികൃതർ മറച്ചുവെച്ചുവെന്ന് ആരോപണമുയർന്നിട്ടുണ്ട്. വേദനയെ തുടർന്ന് വീട്ടിലെത്തി കുട്ടി രക്ഷിതാക്കളോട് വീണ വിവരം പറഞ്ഞതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസേടുത്തു. വ്യാഴാഴ്ചയാണ് സംഭവം. ഞായറാഴ്ച ശിശു ക്ഷേമ സമിതിയിൽ നിന്നും പരിശോധനയ്ക്ക് ആളെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അങ്കണവാടി അധികൃതരുടെ ഗുരുതര വീഴ്ചയാണെന്ന കണ്ടെത്തലിലാണ് കമ്മിഷൻ കേസെടുത്തിരിക്കുന്നത്.

മാറനല്ലൂർ പഞ്ചായത്തിലെ ഓഫീസ് വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ ആറ് കുഞ്ഞുങ്ങളാണ് പഠിക്കുന്നത്. ഇവരെ പരിചരിക്കാൻ ആയയും അധ്യാപികയുമുണ്ട്. അങ്കണവാടിയിൽ വെച്ച് വൈഗ വീണപ്പോൾ വേണ്ട പരിചരണം നൽകുകയോ വിവരം രക്ഷിതാക്കളെ അറിയിക്കുകയോ ചെയ്തില്ലെന്നാണ് ആരോപണം. വ്യാഴാഴ്ച വൈഗ വീട്ടിൽ എത്തിയ ഉടനെ നിർത്താതെ കരയുകയും ഛർദ്ദിക്കുകയും ചെയ്തു.

ഇതേ അങ്കണവാടിയിൽ പഠിക്കുന്ന വൈഗയുടെ സഹോദരനാണ് കുട്ടി വീണ വിവരം വീട്ടുകാരെ അറിയിച്ചത്. പരിശോധനയിൽ തലയുടെ പിറകിൽ കഴുത്തിനോട് ചേർന്ന ഭാഗത്ത് മുഴച്ചിരിക്കുന്നത് കണ്ടു. ഉടൻ രക്ഷിതാക്കൾ അധികൃതരുമായി ബന്ധപ്പെട്ടു. വീണ വിവരം അറിയിക്കാൻ മറന്നുപോയെന്നാണ് അധികൃതർ രക്ഷിതാക്കൾക്ക് നൽകിയ മറുപടി.

വീടിന് സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് കുഞ്ഞിനെ എസ്.എ.ടി.യിലേക്ക് മാറ്റിയത്. അംഗണവാടിയിൽ കുട്ടി വീണ സംഭവം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ബാലാവകാശ കമ്മീഷൻ മനോജ് കുമാറിന്റെ നിർദ്ദേശാനുസരണം ബാലാവകാശ കമ്മിഷൻ അംഗം ഡോ. എഫ് വിൽസൺ വൈകുന്നേരത്തോടെ എസ്.എ.ടി ആശുപത്രിയിലെത്തി കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും മൊഴിയെടുത്തതിന് പിന്നാലെ കേസെടുത്തു.

Exit mobile version