Site icon Malayalam News Live

കുപ്രസിദ്ധ കൊലപാതക കേസുകളിലെ പ്രതിഭാ​ഗം വക്കീൽ അഡ്വ. ബി.എ. ആളൂർ അന്തരിച്ചു; വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു

തൃശ്ശൂർ: കുപ്രസിദ്ധ കൊലപാതക കേസുകളിലെ വക്കീലായ അഡ്വ. ബി.എ. ആളൂർ ( പതിയാരം ആളൂർ വീട്ടിൽ ബിജു ആൻ്റണി- 53) അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഇടവക പള്ളിയിലെ ഊട്ടുതിരുനാൾ ആഘോഷിക്കുന്നതിനായി എരുമപ്പെട്ടി പതിയാരത്തെ വീട്ടിലെത്തിയിരുന്നു. ആഘോഷത്തിനിടെ ശ്വാസ തടസ്സം നേരിട്ട് ശാരീരിക ബുദ്ധിമുട്ടുണ്ടായി. തുടർന്ന് ചൊവ്വാഴ്‌ച രാത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്‌ച രാവിലെ 11.30-ന് മരിച്ചു. പൂനെയിലെയും എറണാകുളത്തെയും വീടുകളിലാണ് താമസിച്ചിരുന്നത്. പിതാവ്: പരേതനായ അന്തോണി. മാതാവ്: പരേതയായ റോസി. സഹോദരങ്ങൾ: ജോയി, ബൈജു, ഷൈജൻ, ലിജി, പരേതനായ ജോസ്

കോളിളക്കം സൃഷ്‌ടിച്ച കേസുകളിൽ പ്രതികൾക്ക് വേണ്ടി സ്ഥിരമായി ഹാജരായി എക്കാലവും ചർച്ചകളിലും വാർത്തകളിലും നിറഞ്ഞുനിന്ന അഭിഭാഷകനായിരുന്നു ആളൂർ. സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ പ്രതി അമിറുൾ ഇസ്ലാമിന് വേണ്ടിയും ആളൂർ ഹാജരായിരുന്നു.

കൂടത്തായി കേസിലും ഇലന്തൂർ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂർ. പുണെയിൽ നിന്നാണ് ആളൂർ നിയമബിരുദം നേടുന്നത്. 1999 ലാണ് അഭിഭാഷകനായി എൻറോൾ ചെയ്‌തത്‌. പിന്നാലെ കേരളത്തിലെ വിവിധ കോടതികളിലും പ്രാക്‌ടീസ്‌ ചെയ്‌തു. കേരളത്തിൽ പ്രമാദമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി ആളൂർ ഹാജരായത് വൻചർച്ചയായിരുന്നു.

 

Exit mobile version