Site icon Malayalam News Live

ഗുരുവായൂരിൽ വീണ്ടും വിവാദമായി ബി ഗോപാലകൃഷ്ണൻ; ഗുരുവായൂര്‍ എംഎല്‍എമാരുടെ പേരുകള്‍ പച്ചനിറത്തില്‍ പ്രദർശിപ്പിച്ചു

വീണ്ടും വിവാദ നടപടിയുമായി എത്തിയിരിക്കുകയാണ് ഗുരുവായൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ. 1977 മുതല്‍ 2021 വരെയുള്ള ഗുരുവായൂരിലെ എംഎല്‍എമാരുടെ പേരുകള്‍ എഴുതിയ ഫ്‌ളക്‌സ് ആണ് ബിജെപി വൈസ് പ്രസിഡന്റ് കൂടിയായ ബി ഗോപാലകൃഷ്ണന്‍ ചാവക്കാട് ഉയര്‍ത്തിയിരിക്കുന്നത്. പച്ചനിറത്തിലാണ് പേരുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 50 വര്‍ഷത്തെ ഈ അവഗണന മാറണം എന്നാണ് ഫ്‌ളെക്‌സിലെ വാചകം. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എമാര്‍ ഉണ്ടായില്ലെന്ന ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശം നേരത്തെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പ്രസ്താവന മതവിദ്വേഷമുണ്ടാക്കുന്നതാണെന്നും ഗോപാലകൃഷ്ണനെ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ ഗോകുല്‍ ഹൈക്കോടതി സമീപിച്ചിരുന്നു. ഇതില്‍ രണ്ട് മാസത്തിനകം തീരുമാനമെടുക്കാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് ചില രൂക്ഷ വിമര്‍ശനങ്ങളും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തും സമൂഹത്തിലുമുണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ കാര്യത്തില്‍ എന്തുചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരുന്നു.

Exit mobile version