അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രണ്ട് മുതൽ 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയും വിധിച്ചു. ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11ആം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

കുറ്റക്കാരായ 13 പ്രതികള്‍ക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

2018 ഫെബ്രുവരി 22നാണ് കേസിന് ആസ്പദമായ സംഭവം. മാനസികാസ്വാസ്ഥം ഉണ്ടായിരുന്ന ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി 13 പ്രതികള്‍ക്ക് 7 വര്‍ഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.