Site icon Malayalam News Live

ആറന്മുളയിൽ ഇന്ന് അഷ്ടമി രോഹിണി വള്ളസദ്യ; രാവിലെ 11ന് തുടക്കം; 51 പള്ളിയോടങ്ങളും ഒരു ലക്ഷത്തിൽപരം ഭക്തരും പങ്കെടുക്കും

സ്വന്തം ലേഖകൻ

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. രാവിലെ 11 ന് തുടങ്ങുന്ന സദ്യയിൽ പള്ളിയോട കരക്കാരും ഭക്തരും ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും. ക്ഷേത്രമുറ്റത്തും ഊട്ടുപുരകളിലുമായാണ് സദ്യ വിളമ്പുന്നത്.

സദ്യക്ക് വിളമ്പാൻ ചേനപ്പാടിക്കാരുടെ പാളത്തൈരുമായി ഇന്നലെ ഘോഷയാത്ര നടന്നു. ഇത്തവണ വള്ളസദ്യ ഒരുക്കുന്നത് ചെറുകോൽ സോപാനം സികെ ഹരിശ്ചന്ദ്രനാണ്. പാചകം ചെയ്യുന്നവർ ഉൾപ്പെടെ 300 അംഗ സംഘമാണ് ഒപ്പമുള്ളത്.

നിരവധിക്കണക്കിന് ആചാരങ്ങളടങ്ങിയ ചടങ്ങാണ് ആറന്മുള വള്ളസദ്യ. ആദ്യം വഴിപാട് നടത്താൻ പള്ളിയോട കരയിൽ നിന്നും അനുവാദം വാങ്ങണം. അനുവാദം വാങ്ങിയ ശേഷം വഴിപാടുകാർ സദ്യക്കുള്ള ഒരുക്കമാരംഭിക്കും. വള്ളസദ്യ ദിവസം, ആരാണോ വഴിപാട് നടത്തുന്നത് അവർ രാവിലെ ക്ഷേത്രത്തിലെത്തി നിറപറ സമർപ്പിക്കുന്നു. രണ്ട് പറകളായിരിക്കും ഈ ഭക്തർ നിറക്കുന്നത്. ഒന്ന് ഭ​ഗവാനാണെങ്കിൽ മറ്റൊന്ന് പള്ളിയോടത്തിനാണ്.

ഓരോ പള്ളിയോട കടവിൽ നിന്നും ആചാരപ്രകാരം പള്ളിയോടത്തെ യാത്രയാക്കും. ആരുടെയാണോ വഴിപാട് അവർ കരമാർ​ഗം ക്ഷേത്രത്തിലെത്തും. വഞ്ചിപ്പാട്ടും പാടി പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ ക്ഷേത്രസമീപമെത്തി ചേരുന്നു. ക്ഷേത്രത്തിലെത്തുന്ന വള്ളത്തെ വിളക്ക്, താലപ്പൊലി, മുത്തുക്കുട എന്നിവയൊക്കെയായിട്ടാണ് വഴിപാടുകാർ സ്വീകരിക്കുന്നത്. ഇവിടെയൊന്നും പുരോഹിതരുടെ സാന്നിധ്യമില്ല. വഴിപാടുകാരും കരക്കാരുമാണുള്ളത്.

ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം നേരെ കൊടിമരച്ചുവട്ടിലേക്ക്. പറ അർപ്പിച്ചിരിക്കുന്ന സ്ഥലത്തെത്തിയ ശേഷം മുത്തുക്കുടയും ഒരു തുഴയും ആറന്മുള തേവർക്ക് സമർപ്പിക്കും. ശേഷം വഞ്ചിപ്പാട്ടും പാടി വള്ളസദ്യ ഉണ്ണാൻ നേരെ ഊട്ടുപുരയിലേക്ക്. ഊട്ടുപുരയിലെത്തിയാലും ചടങ്ങ് തീരുന്നില്ല. ഓരോ പാട്ട് പാടിയാണ് വിഭവങ്ങൾ ചോദിക്കുന്നത്. അവയെല്ലാം വഴിപാടുകാരൻ വിളമ്പുന്നു.

സദ്യക്ക് ശേഷം കൊടിമരച്ചുവട്ടിലെത്തി ഭ​ഗവാനെ തൊഴുത ശേഷം നേരത്തെ നിറച്ചു വച്ചിരിക്കുന്ന പറ മറിക്കും. ദക്ഷിണ വാങ്ങിയ ശേഷം വഴിപാടുകാരെ അനു​ഗ്രഹിച്ച് പള്ളിയോട കരക്കാർ മടങ്ങുന്നു. ഇന്നും അഭീഷ്ട സിദ്ധിക്ക് വേണ്ടി അനവധി പേരാണ് വള്ളസദ്യ നടത്തുന്നത്. അറുപത്തിമൂന്ന് വിഭവങ്ങളടങ്ങിയ സദ്യയാണ് വള്ളസദ്യയ്ക്ക് വിളമ്പുന്നത് എന്നതാണ് ആറന്മുള വള്ളസദ്യയുടെ ഏറ്റവും വലിയ പ്രത്യേകത.

Exit mobile version