Site icon Malayalam News Live

‘ജനങ്ങളെ അവഗണിക്കുന്ന സ്വഭാവമാണ് ആര്യ രാജേന്ദ്രനുള്ളത്; മുന്നോട്ട് പോകാൻ ഇത്തരം സമീപനങ്ങള്‍ മാറണം’: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ പരാജയത്തില്‍ പ്രതികരിച്ച്‌ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎമ്മിന് ഉണ്ടായ പരാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയാണെന്ന് കെ എസ് ആർ ടി സി ഡ്രൈവർ യദു.

ഇദ്ദേഹം ഓടിച്ചിരുന്ന ബസ് ആര്യ രാജേന്ദ്രനും ഭർത്താവും ചേർന്ന് തടയുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തത് വലിയ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിയമപോരാട്ടം തുടരുന്ന യദുവാണ് ഇപ്പോള്‍ പരസ്യമായി ആര്യ രാജേന്ദ്രനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

കോർപ്പറേഷനില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടതും എൻഡിഎയ്ക്ക് ഭരണാധികാരം ഉറപ്പായതും പിന്നാലെ ആര്യ രാജേന്ദ്രന്റെ നിലപാടുകള്‍ക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് യദുവിന്റെ പ്രതികരണം.

താൻ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ “കോടതിയില്‍ പോയി നീതി തേടിക്കോളൂ” എന്ന മറുപടിയാണ് ലഭിച്ചതെന്ന് യദു പറഞ്ഞു. പോലീസ് തുടക്കം മുതല്‍ ആര്യക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്നും അന്വേഷണത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങളെ അവഗണിക്കുന്ന സ്വഭാവമാണ് ആര്യ രാജേന്ദ്രനുള്ളതെന്ന് യദു ആരോപിക്കുന്നു. ബസ് തടഞ്ഞ ദിവസം തന്നോട് കാണിച്ച പെരുമാറ്റം അതിന് ഉദാഹരണമാണെന്നും, മുന്നോട്ട് പോകാൻ ഇത്തരം സമീപനങ്ങള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ കാര്യത്തില്‍ മാത്രമല്ല, മുൻപ് മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനോടും ഇവർ മോശമായി പെരുമാറിയിട്ടുണ്ടെന്നും യദു ആരോപിച്ചു

Exit mobile version