Site icon Malayalam News Live

മകളോട് ആദ്യം സംസാരിച്ചത് സിബിൻ, വിവാഹം ചിങ്ങത്തിൽ: മനസു തുറന്ന് ആര്യ

ആര്യ ബഡായിയുടെയും സിബിൻ ബെഞ്ചമിന്റെയും വിവാഹദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനു പിന്നാലെ, ഇതേക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരിൽ പലരും. ഇപ്പോളിതാ വിവാഹത്തെക്കുറിച്ചും സിബിൻ പ്രപ്പോസ് ചെയ്തതിനെക്കുറിച്ചും മകളോട് ആദ്യമായി ഇക്കാര്യം സംസാരിച്ചതിനെക്കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് ആര്യ. ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

വിവാഹം ഈ ചിങ്ങത്തിൽ ഉണ്ടാകുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ആര്യ അഭിമുഖത്തിൽ പറഞ്ഞു. ”സിബിൻ എനിക്കെന്റെ വീടാണ്. എന്റെ കംഫർട് സോൺ. അതാണ് സിബിനിലേക്ക് എന്നെ അടുപ്പിച്ച കാര്യം. വിവാഹം കഴിച്ചോട്ടെ, നിന്റെ കൂടെ ഞാൻ കംഫർട്ടബിളാണ് എന്ന് ഒരു ദിവസം സിബിൻ എന്നോട് മുഖത്ത് നോക്കി ചോദിക്കുകയാണ് ചെയ്തത്. അത് നന്നായിരിക്കും, പക്ഷേ ആദ്യം ഖുഷിയോട് (ആര്യയുടെ മകൾ) ചോദിക്കണം എന്ന് ഞാൻ ഉടനെ പറയുകയും ചെയ്തു. സിബിൻ തന്നെയാണ് അവളോട് സംസാരിച്ചത്.

എന്താണ് അവർ തമ്മിൽ സംസാരിച്ചതെന്ന് ഇന്നും എനിക്കറിയില്ല. അത് അച്ഛനും മകളും തമ്മിലുള്ള കാര്യമാണ്, സമയമാകുമ്പോൾ അറിഞ്ഞാൽ മതി എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. പക്ഷേ, ഒരു കാര്യം അറിയാം, ഞങ്ങൾ വിവാഹം കഴിക്കുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നയാൾ അവളാണ്”, ആര്യ പറഞ്ഞു.

”സിബിൻ എന്നെ സർപ്രൈസായി പ്രപ്പോസ് ചെയ്‍ത ദിവസം ഞാൻ യെസ് പറയും മുമ്പ് ഖുഷിയാണ് ആദ്യം യെസ് പറഞ്ഞത്. ആ വീഡിയോ ഞങ്ങളുടെ കയ്യിലുണ്ട്. ആ സർപ്രൈസ് ആസൂത്രണം ചെയ്യാൻ സിബിനോടൊപ്പം നിന്നതും ഖുഷിയായിരുന്നു”, ആര്യ കൂട്ടിച്ചേർത്തു.

 

 

Exit mobile version