Site icon Malayalam News Live

തൊണ്ടിമുതലില്‍ കൃത്രിമത്വം; ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാൻ ബാര്‍ കൗണ്‍സില്‍: അഭിഭാഷക ജോലിയില്‍ നിന്ന് പുറത്താക്കാൻ നീക്കം

തിരുവനന്തപുരം: തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരെ നടപടിയെടുക്കാൻ ബാർ കൗണ്‍സില്‍.

ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള തീരുമാനത്തിലാണ് ബാർ കൗണ്‍സില്‍. അഭിഭാഷക ജോലിയില്‍ നിന്ന് പുറത്താക്കാനാണ് നീക്കം.

അടുത്ത ബാർ കൗണ്‍സിലില്‍ തീരുമാനമെടുക്കും. ബാർ കൗണ്‍സില്‍ അച്ചടക്ക സമിതിയോട് തുടർനടപടിക്ക് നിർദ്ദേശിക്കും.

തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചത് അതീവ ഗുരുതരമാണെന്നും ആന്റണി രാജുവിന്റെ നടപടി നാണക്കേട് എന്ന് ബാർ കൗണ്‍സില്‍ പ്രസിഡന്റ് ടി എസ് അജിത് പ്രതികരിച്ചു.

ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതല്‍ അട്ടിമറിച്ച കേസിലാണ് മുൻ മന്ത്രിയും എംഎല്‍എയുമായ ആൻറണി രാജുവിന് തടവും പിഴയും വിധിച്ചത്.

കൂട്ടുപ്രതിയായ മുൻ തൊണ്ടി ക്ലർക്ക് ജോസിനും ഉദ്യോഗസ്ഥ വഞ്ചനക്ക് ഒരു വർഷം അധിക തടവും നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു.

തൊണ്ടിമുതല്‍ അട്ടിമറി കേസില്‍ കുറ്റപത്രം നല്‍കി 19 വർഷങ്ങള്‍ക്ക് ശേഷമാണ് എല്‍ഡിഎഫ് നേതാവ് പ്രതിയായ കേസില്‍വിധി വരുന്നത്. കോടതിവിധിയോടെ ആൻറണി രാജു അയോഗ്യനായി.

അടിവസ്ത്രത്തില്‍ ലഹരി വസ്തു ഒളിപ്പിച്ച്‌ കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരൻ സാല്‍വദോർ സാർലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ആൻറണി രാജുവിനെയും കോടതി ക്ലർക്ക് ജോസിനെയും കോടതി ശിക്ഷിച്ചത്.

1990 ഏപ്രില്‍ 4നായിരുന്നു പിടിയിലായത്. നീതിന്യായ വ്യവസ്ഥയിലെ അത്യപൂർവ്വ കേസിൻെറ വിധിയാണ് 19 വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് ഒന്നാം മജിസട്രേറ്റ് കോടതിയില്‍ നിന്നും ഉണ്ടായത്.

10 വർഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആൻറണി രാജു തൊണ്ടി ക്ലർക്കിൻെറ സഹായത്തോടെ കോടതിയില്‍ നിന്നു പുറത്തേക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയില്‍ വയ്ക്കുകയായിരുന്നു.

തൊണ്ടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ച്‌ നാലു വർഷത്തിന് ശേഷം ഹൈക്കോടതി സാല്‍വദോറിനെ വെറുതെ വിട്ടു.

ഈ കേസില്‍ തെളിവ് നശിപ്പിക്കല്‍, കള്ളതെളിവ് ഉണ്ടാക്കല്‍, ഗൂഢാലോചന, വ്യാജരേഖയുണ്ടാക്കല്‍ എന്നിവയ്ക്ക് ആൻറണി രാജുവിനെയും ജോസിനെയും കോടതി ശിക്ഷിച്ചു.

സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചനക്ക് ക്ലർക്കായ ജോസിനെ മാത്രമാണ് ഒരു വ‍ർഷം ശിക്ഷിച്ചത്. മററ് വകുപ്പുകളില്‍ തെളിവ് നശിപ്പിച്ചതിന് മൂന്നു വ‍ർഷവും 10,000 രൂപയും ഗൂഢാലോചന ആറുമാസവും കള്ളതെളിവ് ഉണ്ടാക്കിയതിന് മൂന്നു വർഷവും വ്യാജ രേഖയുണ്ടാക്കിയതിന് രണ്ടു വർഷവുമാണ് ശിക്ഷിച്ചത്.

സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചന തെളിഞ്ഞതിനാല്‍ ജീവപര്യന്തം ശിക്ഷവരെ ലഭിക്കുമായിരുന്നു. അതിനാല്‍ ശിക്ഷ വിധിക്കുമേലുള്ള വാദം സിജെഎം കോടതിയില്‍ കേള്‍ക്കണമെന്ന് പ്രൊസിക്യൂഷൻ ആവശ്യം തള്ളിയാണ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

അട്ടിമറി വ്യക്തമായതോടെ ലഹരിക്കേസ് അന്വേഷിച്ച മുൻ എസ്പി ജയമോഹൻ നടത്തിയ നിയപോരാട്ടത്തിനൊടുവിലാണ് വഞ്ചിയൂർ പൊലിസ് കേസെടുത്തത്.

നിരവധി പ്രാവശ്യം അന്വേഷണം അട്ടിമറിക്കപ്പെട്ടു. 2005ല്‍ ഉത്തരമേഖല ഐജിയായിരുന്ന സെൻകുമാറിൻെറ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സുപ്രീം കോടതിവരെ ജയമോഹൻ നിയമപരാട്ടം നടത്തിയിരുന്നു.

വിദേശിയായ പ്രതി ശിക്ഷിക്കപ്പെട്ടപ്പോള്‍ താനൊരു ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ആൻറണി രാജു കോടതി വരാന്തയില്‍ വച്ച്‌ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞതാണ് സംശയം വർദ്ധിച്ചതും തുടർന്നുള്ള അന്വേഷണത്തിന് ഇടയാക്കിയതും.

മജിസ്ട്രേറ്റ് കോടതിക്ക് നല്‍കാവുന്ന പരമാവധി ശിക്ഷയായ മൂന്നു വർഷം ലഭിച്ചതിനാല്‍ ആൻറണി രാജുവിന് ജാമ്യം ലഭിച്ചു.

രണ്ടു വർഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടതോടെ ആൻറണി രാജുവിൻെറ അയോഗ്യനായി. തെരെഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനും കഴിയില്ല. സ്റ്റേ വാങ്ങിയാലും അയോഗ്യത നീങ്ങില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.

Exit mobile version