Site icon Malayalam News Live

ആന്റണി രാജുവിന് മൂന്നു വർഷം തടവ്; തൊണ്ടിമുതൽ കേസിൽ ശിക്ഷ വിധിച്ച് കോടതി

തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ ആന്റണി രാജുവിന് തടവ് ശിക്ഷ. മൂന്നുവർഷം തടവ് ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതോടെ ആന്റണി രാജു എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും. കേസെടുത്ത് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കേസില്‍ വിധി വന്നത്. തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധിച്ചത്. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലര്‍ക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി വിധി പറഞ്ഞത്.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയത്. ഒരിക്കൽപ്പോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. താൻ നിരപരാധിയാണെന്നും വിധിയിൽ പ്രതികരിച്ച് ആന്റണി രാജു വ്യക്തമാക്കിയിരുന്നു. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. 1990 ഏപ്രിൽ ഏപ്രിൽ നാലിനാണ് ഓസ്ട്രേലിയൻ പൗരനായ സാൽവദോർ സാർലി അടിവസ്ത്രത്തിലൊളിപ്പിച്ച ഹാഷിഷുമായി പിടിയിലായത്. പൂന്തുറ എസ്എച്ചഒയായ ജയമോഹൻ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും വിധിച്ചു. ഈ വിചാരണ നടക്കുമ്പോള്‍ തന്നെ തൊണ്ടി ക്ലർക്കിനെ സ്വാധീനിച്ച പ്രതിയുടെ അഭിഭാഷകനായ ആൻ്റണിരാജു അടിവസ്ത്രം പുറത്തുകൊണ്ടുപോയി ചെറുതാക്കി തിരികെ വച്ചു. പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിൻെറ മറവിലാണ് തൊണ്ടിയും കടത്തിയത്.

Exit mobile version