Site icon Malayalam News Live

ലൈം​ഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനും നടൻ ഇടവേള ബാബുവിനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു; പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ മുകേഷ് കോടതിയില്‍ കൈമാറി

തിരുവനന്തപുരം: ലൈം​ഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചു. നടൻ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തേടിയുള്ള ഹർജികളിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിശദമായ വാദം കേട്ടിരുന്നു.

ബലാത്സംഗം ചെയ്തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നാണ് മുകേഷിന്‍റെ വാദം. 15 വർ‍ഷങ്ങൾക്കുശേഷം പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയിൽ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ കോടതിയില്‍ കൈമാറിയെന്നും മുകേഷ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മുകേഷിന് ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. താര സംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പെച്ചെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്.

ഇതിനിടെ ബലാ‌ത്സംഗ കേസിൽ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അന്നേ ദിവസം മറുപടി നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version