മുവാറ്റുപുഴ: പാതിവില തട്ടിപ്പിലൂടെ കിട്ടിയ കോടികള്‍ ചിലവഴിച്ച് തീർന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി.
വാഗ്ദാനം ചെയ്ത ഉപകരണങ്ങള്‍ വാങ്ങാനും പലർക്കും കൊടുക്കാനുമായി പണം ചെലവിട്ടുവെന്നാണ് അനന്തു പൊലീസിനോട് പറഞ്ഞത്. അക്കൗണ്ടുകളില്‍ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നാണ് അനന്തുവിന്റെ മൊഴി.
അനന്തു കൃഷ്ണന്റെ കുറ്റസമ്മതം മൊഴി ഉള്‍പ്പെടെ ചേർത്ത് പൊലീസ് റിപ്പോർട്ട് തയ്യാറാക്കും. കസ്റ്റഡി കാലാവധി കഴിയുന്നതോടെ ഇയാളെ ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും.
പാതിവില പദ്ധതി ആശയം സായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ഫൗണ്ടർ & എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദ കുമാറിന്റേതാണെന്നും അനന്തു പൊലീസിന് മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ ആനന്ദ കുമാറിന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ ആനന്ദ് കുമാറിനെ പൊലീസ് വൈകാതെ ചോദ്യം ചെയ്യും. പ്രതിമാസം അനന്തുകൃഷ്ണന്‍റെ സംഘടനയില്‍ നിന്നും ആനന്ദ് കുമാർ പ്രതിഫലം വാങ്ങിയതിന്‍റെ രേഖകള്‍ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
