Site icon Malayalam News Live

അപകടത്തില്‍പ്പെട്ട് പരിക്കേറ്റ യുവാക്കളെ ആംബുലന്‍സില്‍ കയറ്റി; പിന്നാലെ 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; നഴ്‌സിനെ മര്‍ദ്ദിക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം.

കാട്ടായിക്കോണത്ത് വെച്ച്‌ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ആംബുലന്‍സില്‍ കയറിയ രണ്ട് യുവാക്കളാണ് ആശുപത്രിയിലേക്കുള്ള വഴി മധ്യേ ആംബുലന്‍സിനുള്ളില്‍ അതിക്രമം കാട്ടിയത്. അക്രമാസക്തരായ യുവാക്കള്‍ ആംബുലന്‍സിലെ നഴ്‌സിനെ മര്‍ദ്ദിക്കുകയും ആംബുലന്‍സിനുള്ളിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു യുവാക്കള്‍ ആക്രമണം അഴിച്ചുവിട്ടത്. പോത്തന്‍കോട്, ചന്തവിളയില്‍ നിന്നാണ് പരിക്ക് പറ്റിയ യുവാക്കളെ ആംബുലന്‍സില്‍ കയറ്റിയത്.

യുവാക്കള്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് ആംബുലന്‍സ് ജീവനക്കാരുടെ സംശയം. പരിക്കേറ്റ നഴ്‌സിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാക്കള്‍ക്കെതിരെ ആംബുലന്‍സ് ജീവനക്കാര്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി.

Exit mobile version