Site icon Malayalam News Live

രാജി പിൻവലിച്ച് അലോഷ്യസ് സേവ്യര്‍; കെസി വേണുഗോപാൽ ഇടപെട്ട് സീറ്റ് വാഗ്ദാനം നടത്തിയെന്ന് സൂചന

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിച്ച് അലോഷ്യസ് സേവ്യര്‍. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇടപെട്ട് രാജി പിന്‍വലിപ്പിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന കെസി വേണുഗോപാലിന്റെ ഉറപ്പിലാണ് രാജിയില്‍ നിന്നും പിന്മാറിയതെന്നാണ് വിവരം. അലോഷ്യസ് പാര്‍ട്ടി വിടുമെന്ന സൂചനയെത്തുടര്‍ന്നാണ് കെസി വേണുഗോപാലിന്റെ ഇടപെടലെന്നും വിവരമുണ്ട്. അതിനിടെ അധ്യക്ഷ പദവിയില്‍ നിന്നും രാജി നല്‍കിയെന്ന വാര്‍ത്ത അവാസ്തവമെന്ന് അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹൃദയത്തുടിപ്പാണ് കെഎസ്‌യു എന്നും ഇക്കാലമത്രയും സംഘടനയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്, മറിച്ചത് സ്വന്തം നേട്ടത്തിന് വേണ്ടി അല്ലെന്നുമാണ് അലോഷ്യസ് ഫേസ്ബുക്കില്‍ കുറിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കെഎസ്‌യു സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും രാജിവെച്ചുകൊണ്ടുള്ള അലോഷ്യസിന്റെ കത്ത് പുറത്തുവന്നിരുന്നു. കെഎസ്‌യു സംസ്ഥാന ഭാരവാഹികളെ സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിച്ചില്ലെന്നും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നും സൂചിപ്പിച്ചായിരുന്നു അലോഷ്യസ് എന്‍എസ്‌യു ദേശീയ അധ്യക്ഷന് രാജിക്കത്ത് നല്‍കിയത്.

Exit mobile version