Site icon Malayalam News Live

3 മണിക്കൂർ 27 മിനിറ്റ് കൊണ്ട് താണ്ടിയത് 227 കിലോമീറ്റർ; പോലീസും ജനങ്ങളും സഹകരിച്ചതോടെ ആലിന്റെ അവയവങ്ങൾ കൃത്യ സമയത്ത് തിരുവനന്തപുരത്ത് എത്തിച്ചു

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാന ദൗത്യം വിജയകരമായി പൂർത്തീകരിച്ചു. വൈകിട്ട് 7.15 ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽനിന്നും ആലിൻ ഷെറിന്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് തിരിച്ച ആംബുലൻസ് 10.30 ന് കിംസ് ആശുപത്രിയിലെത്തി. മൂന്നേകാൽ മണിക്കൂർ കൊണ്ട് 227 കിലോമീറ്റർ ദൂരമാണ് ഇവർ താണ്ടിയത്. എറണാകുളത്ത് നിന്ന് പുറപ്പെട്ട ആംബുലൻസിന് ട്രാഫിക് നിയന്ത്രിച്ച് ഗ്രീൻ കോറിഡോർ ഒരുക്കി പെട്ടെന്ന് കടന്നുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൊലീസ് ഒരുക്കിയിരുന്നു. ദൗത്യസംഘത്തിനൊപ്പം ആംബുലൻസ് ഡ്രൈവർമാരായ ജെയ്‌നീഷും ശരതുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചതോടെ ജനങ്ങൾ സഹകരിച്ചു. ആദ്യം കിംസിലും പിന്നീട് മെഡിക്കൽ കോളജിലും പിന്നീട് ശ്രീചിത്രയിലും അവയവങ്ങൾ എത്തിച്ചു. അവസാനലക്ഷ്യസ്ഥാനമായ ശ്രീചിത്രയിൽ എത്തിയപ്പോൾ‍ യാത്ര കൃത്യം 3 മണിക്കൂർ 27 മിനിറ്റാണു പിന്നിട്ടത്. ആലിന്റെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞിനാണ് നൽകിയത്. സംസ്ഥാനത്തു കരൾ സ്വീകരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. ഇരുവൃക്കകളും എസ്‌എടി ആശുപത്രിയിലുള്ള 10 വയസ്സുള്ള കുട്ടിക്ക് നൽകും. കു‍ഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ഇരുവൃക്കകളും ഒരാളിനു തന്നെ നൽകുന്നത്. നേത്രപടലങ്ങൾ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും കൈമാറി. ഹൃദയ വാൽവ് സ്വീകരിക്കുന്നയാളിനെ പിന്നീടു മാത്രമേ തീരുമാനിക്കൂ.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ പിതാവ് അരുണിനും മാതാവ് ഷെറിനും ഉറ്റവര്‍ക്കുമേറ്റ വേദനയ്‌ക്കൊപ്പം നില്‍ക്കുകയും ആ കുടുംബത്തിന്റെ തീരുമാനത്തിന് നന്ദി പറയുകയും ചെയ്യുകയാണ് മലയാളക്കര. ആലിൻ ഷെറിന് ഒരു റോഡ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. അതേസമയം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയ ആലിന്റെ ഭൗതിക ശരീരത്തിന് ആദരം അര്‍പ്പിച്ച ശേഷമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്.

Exit mobile version