Site icon Malayalam News Live

മദ്യപിച്ചാല്‍ എക്കിള്‍ വരുന്നത് എന്തുകൊണ്ട്? അധിക മദ്യപാനത്തിൻ്റെ സൂചനയോ? ശാസ്ത്രീയ കാരണം ഇതാണ്…!

കോട്ടയം: മദ്യപിച്ച ശേഷം ചിലരില്‍ എക്കിള്‍ അഥവാ ഹിക്കപ്പ് ഉണ്ടാകുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകാം. ഇത് അമിതമായി മദ്യപിക്കുന്നതിൻ്റെ സൂചന കൂടിയാണ്.

എക്കിള്‍ നിരുപദ്രവകരമാണെങ്കിലും, മദ്യപാനവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ അറിഞ്ഞിരിക്കുന്നത് അത്യാവശ്യമാണ്. ശ്വാസകോശത്തിന് അടിയിലുള്ള പേശിയായ ഡയഫ്രം ചുരുങ്ങുമ്പോള്‍, അത് വായുവിനെ ശക്തമായി തൊണ്ടയിലേക്ക് തള്ളുന്നതിൻ്റെ ഫലമായാണ് എക്കിള്‍ ഉണ്ടാകുന്നത്. ബെംഗളൂരുവിലെ പ്രാനുഷ്രെ ഗ്യാസ്‌ട്രോ ക്ലിനിക്കിലെ ഗ്യാസ്‌ട്രോഎൻട്രോളജി എംഡി ഡോ. പ്രശാന്ത് ബി ഗാന്ധിയാണ് ഈ വിഷയത്തെക്കുറിച്ച്‌ വിശദീകരിക്കുന്നത്.

മദ്യപിക്കുമ്ബോള്‍ എക്കിള്‍ വരുന്നതിൻ്റെ കാരണം

മദ്യപിച്ചതിന് ശേഷം എക്കിള്‍ ഉണ്ടാകുന്നത് പ്രധാനമായും ആമാശയത്തിലെ നീർക്കെട്ട്, മ്യൂക്കോസലിനുണ്ടാകുന്ന പ്രകോപനം, കേന്ദ്രനാഡീവ്യൂഹത്തിൻ്റെ മോഡുലേഷൻ എന്നിവ മൂലമാണ്.

വാഗസ് നാഡിയുടെ പ്രവർത്തനം: വലിയ അളവില്‍ മദ്യം കഴിക്കുമ്ബോള്‍ ആമാശയം വികസിക്കുകയും ആമാശയത്തിനും ഡയഫ്രത്തിനും സമീപം പ്രവർത്തിക്കുന്ന വാഗസ് നാഡി പ്രകോപിക്കപ്പെടുകയും ചെയ്യുന്നു. ഇത് ‘ഹിക്കപ്പ് റിഫ്‌ളക്‌സ്’ ഉണ്ടാകാൻ കാരണമാകും.

ഗ്യാസ്ട്രിക് ആസിഡ്: മദ്യം അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നായതുകൊണ്ട് ഇത് ഗ്യാസ്ട്രിക് ആസിഡിനെ ഉദ്ദീപിപ്പിക്കുന്നു. ഇത് അന്നനാളത്തിൻ്റെയും ആമാശയത്തിൻ്റെയും ആവരണത്തിന് വീക്കം വരുത്തി എക്കിള്‍ ഉണ്ടാക്കും.

ബിയറും മറ്റ് പാനീയങ്ങളും

ബിയർ, സ്പാർക്ക്ലിംഗ് വൈനുകള്‍, ഹാർഡ് ഡ്രിങ്കുകള്‍ എന്നിവയില്‍ ധാരാളം കാർബണ്‍ഡൈ ഓക്‌സൈഡ് അടങ്ങിയിട്ടുണ്ട്.

ഇത് ആമാശയത്തെ വികസിപ്പിക്കുകയും വാഗസ് നാഡികളുടെ അറ്റങ്ങള്‍ വലിച്ചുനീട്ടാൻ കഴിയുന്ന വാതക കുമിളകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ബിയർ കഴിക്കുമ്പോഴും എക്കിള്‍ ഉണ്ടാകുന്നത്.

തണുപ്പിച്ച മദ്യം, ശീതള പാനീയങ്ങള്‍ എന്നിവ താപനിലയിലെ വ്യതിയാനം മൂലം അന്നനാളത്തിലെ മ്യൂക്കോസയെ ഉത്തേജിപ്പിക്കും.

വിസ്‌കി, വോഡ്ക പോലുള്ള വീര്യം കൂടിയ മദ്യങ്ങള്‍, പ്രത്യേകിച്ച്‌ അമിതമായി കഴിക്കുമ്പോള്‍, അത് അന്നനാളത്തെ കൂടുതല്‍ പ്രകോപിപ്പിക്കും. ബിയറും കാർബണേറ്റഡ് ആല്‍ക്കഹോളുകളും എക്കിള്‍ ഉണ്ടാകാൻ കാരണമാകും.

വേഗത്തിലുള്ള മദ്യപാനവും ഒഴിഞ്ഞ വയറും

വേഗത്തില്‍ കുടിക്കുകയോ ഒഴിഞ്ഞവയറ്റില്‍ മദ്യം കഴിക്കുകയോ ചെയ്യുന്നത് എക്കിളിനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു.

മദ്യം വേഗത്തില്‍ കഴിക്കുമ്പോള്‍ അധിക വായു ആമാശയത്തിലെത്താൻ കാരണമാകുന്നു.

ഒഴിഞ്ഞവയറ്റില്‍ മദ്യം കഴിക്കുമ്പോള്‍ അത് ആമാശയ പാളിയെ നേരിട്ട് പ്രകോപിപ്പിക്കുകയും അസിഡിറ്റി വർധിപ്പിക്കുകയും നാഡീ ഉത്തേജനത്തിന് കാരണമാകുകയും ചെയ്യും. ഇത് ‘ഹിക്കപ്പ് റിഫ്‌ളക്‌സി’ന് കാരണമാകുന്നു.

Exit mobile version