Site icon Malayalam News Live

പണയം വെച്ച കാമുകിയുടെ സ്വർണ്ണമോതിരം തിരിച്ചെടുക്കാൻ പണമില്ല; വള്ളിക്കുന്നത്ത് എടിഎം കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ

ആലപ്പുഴ : വള്ളികുന്നത്ത് എ.ടി.എം.കവർച്ചയ്ക്കു ശ്രമിച്ച യുവാവ് അറസ്റ്റില്‍. താമരക്കുളം ചത്തിയറ തെക്ക് മുറിയില്‍ രാജുഭവനത്തില്‍ അഭിരാം (20) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് എസ്.ബി.ഐ. വള്ളികുന്നം ശാഖയോടു ചേർന്നുള്ള എ.ടി.എമ്മില്‍ കവർച്ചയ്ക്കു ശ്രമിച്ചത്. കാമുകിയുടെ സ്വർണം വാങ്ങി പണയംവെച്ചതു തിരിച്ചെടുത്തു നല്‍കാൻ കണ്ട ‘എളുപ്പമാർഗ’മായിരുന്നു കവർച്ച. എ.ടി.എം. തകർക്കാൻ ശ്രമിച്ചമ്ബോള്‍ അലാം മുഴങ്ങിയതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തിനു അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള 150-ലധികം സി.സി.ടി.വി. ക്യാമറ പരിശോധിച്ചാണ് നാട്ടുകാരനാണ് പ്രതിയെന്നു പോലീസ് മനസ്സിലാക്കിയത്.

വാഹനത്തിന്റെ നമ്ബർ സി.സി.ടി.വി.യില്‍ പതിയാതിരിക്കാൻ ഇടറോഡുകളിലൂടെയാണ് പ്രതി സഞ്ചരിച്ചത്. കിട്ടിയ ദൃശ്യങ്ങളില്‍ നമ്ബർ വ്യക്തമല്ലായിരുന്നു.
ഇംഗ്ലീഷ് അക്ഷരം വി ആകൃതിയിലായിരുന്നു വാഹനത്തിന്റെ ബ്രേക്ക് ലൈറ്റ്. അത്തരം വണ്ടികള്‍ പോലീസ് തിരഞ്ഞു. പുതിയ സ്കൂട്ടറാണെന്നു കണ്ടെത്തി.
തൃശ്ശൂരില്‍ ഒരാഴ്ച മുൻപ് നടന്ന എ.ടി.എം. കവർച്ചയാണ് പ്രേരണയായതെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ ജൂണില്‍ പ്രതി കാമുകിയുടെ മോതിരംവാങ്ങി 11,000 രൂപയ്ക്കു പണയം വെച്ചു. കാമുകി ആവശ്യപ്പെട്ടപ്പോള്‍ തിരിച്ചെടുത്തു നല്‍കാൻ കണ്ട മാർഗമാണ് എ.ടി.എം. കവർച്ചയെന്ന് മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. കവർച്ചയ്ക്ക് ഉപയോഗിച്ച സ്കൂട്ടർ, കമ്ബിപ്പാര, ധരിച്ച ജാക്കറ്റ്, വസ്ത്രങ്ങള്‍, മുഖംമൂടി, ചെരിപ്പ് എന്നിവ പ്രതിയുടെ വീട്ടില്‍നിന്നു കണ്ടെടുത്തു. എ.ടി.എമ്മിലും വീട്ടിലും എത്തിച്ചു തെളിവെടുത്തു.

ചെങ്ങന്നൂർ ഡിവൈ.എസ്.പി. ബിനുകുമാർ, കുറത്തികാട് ഇൻസ്പെക്ടർ പി.കെ. മോഹിത്, വള്ളികുന്നം എസ്.ഐ. കെ. ദ്വിജേഷ്, എ.എസ്.ഐ. ശ്രീകല, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ, സന്തോഷ്കുമാർ, ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്കർ, അൻഷാദ്, വൈ. അനി, സിവില്‍ പോലീസ് ഓഫീസറായ ആർ. ജിഷ്ണു, എസ്. ബിനു എന്നിവരടങ്ങിയ അന്വേഷണസംഘം വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ വീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. കായംകുളം കോടതിയില്‍ ഹാജരാക്കി റിമാൻഡുചെയ്തു.

Exit mobile version