Site icon Malayalam News Live

ചോദ്യംചെയ്യലിൽ പോലീസിന് നിർണായക വിവരങ്ങൾ; ആലപ്പുഴയിൽ രണ്ടിടത്തും കവർച്ച നടത്തിയത് ഇന്നലെ കുണ്ടന്നൂരിൽ പിടിയിലായ സംഘമെന്ന് പോലീസ്; പിടിയിലായവരുടെ ഭാര്യമാർ പിഞ്ചുകുഞ്ഞുങ്ങളുമായി പോലീസ് സ്റ്റേഷനിൽ; പ്രതികൾ നിരപരാധികൾ എന്ന് ആരോപിച്ച് പ്രതിഷേധം

ആലപ്പുഴ : മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ. ആലപ്പുഴ കവർച്ചാ കേസിൽ പിടിയിലായവരുടെ കുടുംബം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുന്നു.

കുണ്ടന്നൂരിൽ നിന്നും പിടിയിലായവരുടെ കുടുംബമാണ് പിഞ്ചു കുഞ്ഞുങ്ങളുമായി സ്റ്റേഷന് മുന്നിൽ നിൽക്കുന്നത്. കസ്റ്റഡിയിലുളള സന്തോഷ് സെൽവനും മണികണ്ഠനും നിരപരാധികളാണെന്നാണ് കുടുംബം പറയുന്നത്. ഞങ്ങൾക്ക് ഒപ്പമായിരുന്നു ഇവരുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നത് പോലെ ആലപ്പുഴയിൽ ഇരുവരും പോയിട്ടില്ലെന്നും കുടുംബം പറയുന്നു. തമിഴ്നാട് തേനി സ്വദേശികളാണ്.

കേരളത്തിൽ കുപ്പി പാട്ട വിറ്റാണ് നിൽക്കുന്നത്. പൊലീസ് പിടിച്ച ഉടനെ അടിയായിരുന്നു. അതാണ് ഓടിപ്പോകാൻ ശ്രമിച്ചത്. നേരത്തെ തമിഴ്നാട് ജയിലിലായിരുന്നു.
ഇറങ്ങിയിട്ട് മൂന്ന് മാസമായി. കല്യാണം കഴിച്ച ശേഷം തെറ്റ് ചെയ്തിട്ടില്ല. കുപ്പി വിൽക്കുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്. പൊലീസ് അകാരണമായി പിടിച്ച് കൊണ്ട് പോയതാണെന്നും കുടുംബം പറയുന്നു.

എന്നാൽ പൊലീസിന്റേത് മറ്റൊരു വാദമാണ്. പിടിയിലായ സന്തോഷിൻ്റെ പേരിൽ ചങ്ങനാശേരി, പാലാ, ചിങ്ങവനം സ്റ്റേഷനുകളിലായി നാല് കേസുകളുണ്ടെന്നും തമിഴ്നാട്ടിൽ നിന്നാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു. മൂന്ന് മാസം ജയിലിൽ കിടന്നതാണ്.

കഴിഞ്ഞ 3 മാസമായി പാല സ്റേഷനിൽ എത്തി ഒപ്പിട്ടുകൊണ്ടിക്കുന്നുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു.

ആലപ്പുഴ മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയതും സന്തോഷ് ശെൽവവും മണികണ്ഠനും അടങ്ങുന്ന സംഘമെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.

രക്ഷപ്പെട്ട സന്തോഷ് ശെൽവത്തെ നാല് മണിക്കൂ‍ർ നീണ്ട തെരച്ചിലിനൊടുവിലാണ് ചതുപ്പിൽ നിന്നും സാഹസികമായി പിടികൂടിയത്. മണ്ണഞ്ചേരിയിലെത്തി കവർച്ച നടത്തിയത് സന്തോഷായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Exit mobile version