കൊച്ചി: തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്.
എഎം ട്രസ്റ്റ് ലോണ്‍ സർവീസസ് എന്ന പേരില്‍ പ്രചരിക്കുന്ന പരസ്യവുമായാണ് താരത്തിന്റെ ചിത്രം ചേർത്തിരിക്കുന്നത്. ഇത്തരം തട്ടിപ്പില്‍ ആരും വീഴരുതെന്ന് അജു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ‘ഈസി പേഴ്സണല്‍ ലോണ്‍’ എന്ന പേരില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. അജു വർഗീസിന്റെ ചിത്രം പതിച്ച ഡിജിറ്റല്‍ കാർഡാണ് ഇതിനായി പ്രചരിപ്പിക്കുന്നത്.
‘എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ഒരു ബാങ്കിംഗ് സ്ഥാപനം അവരുടെ പ്രമോഷനുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് ആ സ്ഥാപനവുമായോ അവരുടെ പദ്ധതികളുമായോ യാതൊരു ബന്ധവുമില്ല. വ്യാജമായ ഇത്തരം വാഗ്ദാനങ്ങളില്‍ വീണ് നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുത്. ചതിയില്‍പ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. നന്ദി.’-അജു കുറിച്ചു.
അജു വർഗീസ് മാത്രമല്ല, മലയാളത്തിലെ പല താരങ്ങളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് ഇത്തരം വ്യാജ ലോണ്‍ ആപ്പുകളും സേവനങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരങ്ങളുടെ വിശ്വാസ്യത മുതലെടുത്ത് സാധാരണക്കാരെ കടക്കെണിയിലാക്കുകയാണ് ഇത്തരം സംഘങ്ങളുടെ ലക്ഷ്യം. പലരും ഇത്തരം പരസ്യങ്ങളില്‍ ആകൃഷ്ടരായി ലോണ്‍ എടുക്കുകയും പിന്നീട് വലിയ പലിശയും ഭീഷണിയും കാരണം പ്രതിസന്ധിയിലാവുകയും ചെയ്യുന്നത് പതിവാകുകയാണ്.
