Site icon Malayalam News Live

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാരം ഇന്ന്; ചടങ്ങുകള്‍ ബാരാമതിയിലെ വിദ്യാ പ്രതിഷ്സ്ഥാന്‍ മൈതാനത്ത്

ഇന്നലെ രാവിലെയുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാരം ഇന്ന് ജന്മനാടായ ബാരാമതിയിൽ നടക്കും. രാവിലെ കത്തേവാഡിയിലെ വീട്ടിലെത്തിച്ച ഭൗതിക ശരീരം വിലാപയാത്രയായി സംസ്‌കാര ചടങ്ങുകൾ നടക്കുന്ന വിദ്യാ പ്രതിഷ്ഠാൻ കോളേജിൽ എത്തിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുക. പൂർണമായ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാര ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ദുരന്തത്തെ തുടര്‍ന്ന് മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, അപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി. വിദഗ്ധസംഘം ഇന്നലെ അപകടം നടന്ന ബാരാമതി വിമാനത്താവളത്തിലേക്ക് എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ച് വ്യോമസേന ബാരാമതി എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അജിത്ത് പവാറിനൊപ്പം അപകടത്തില്‍ മരിച്ച മറ്റ് നാലുപേരുടെ മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്നലെ രാവിലെയാണ് ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ടത്. അജിത് പവാറിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂർ, സാംബവി പഥക്, ഫ്‌ളൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 8 മണിയോടെ മുംബൈയിൽനിന്നും പുറപ്പെട്ട ലിയർ ജെറ്റ് 45എന്ന വിമാനം ബാരാമതിയിലെ എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ തെന്നിമാറി കത്തിയമരുകയായിരുന്നു. ഏകദേശം 8.45 നായിരുന്നു അപകടം. ബാരാമതിയിൽ എൻസിപിയുടെ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു അജിത് പവാർ. നാല് റാലികളിലാണ് അജിത് പവാർ പങ്കെടുക്കേണ്ടിയിരുന്നത്.

Exit mobile version