ദുബായ്: ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകള്‍ ആരംഭിക്കുന്നതായി എയർലൈൻ പ്രഖ്യാപിച്ചു.
മാർച്ച് 29 മുതലാണ് പുതിയ നോണ്‍-സ്റ്റോപ്പ് വിമാനങ്ങള്‍ സർവീസ് ആരംഭിക്കുന്നത്. എയർ ഇന്ത്യയുടെ പുനസംഘടനയുടെ ഭാഗമായി മിഡില്‍ ഈസ്റ്റ് റൂട്ടുകളിലെ ഭൂരിഭാഗം സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന് കീഴിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
യാത്രക്കാർക്ക് 500 രൂപ മുതല്‍ ആരംഭിക്കുന്ന ‘ഗോർമയർ’ ചൂടുള്ള ഭക്ഷണങ്ങള്‍ വിമാനത്തിനുള്ളില്‍ ഓർഡർ ചെയ്യാം. നിലവില്‍ ഹൈദരാബാദില്‍ നിന്ന് അബുദാബി, ബഹ്‌റൈൻ, ദമാം, ദോഹ, ജിദ്ദ, കുവൈത്ത് സിറ്റി, മസ്‌കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിജയകരമായി സർവീസ് നടത്തുന്നുണ്ട്.
ഈ മാസമാദ്യം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങള്‍ക്ക് 20 ശതമാനം വരെ ഇളവ് നല്‍കുന്ന പ്രത്യേക സെയില്‍ എയർലൈൻ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ അഞ്ച് ദശലക്ഷം സീറ്റുകളാണ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിയിരുന്നത്. ഫെബ്രുവരി 11 മുതല്‍ ഡിസംബർ 31 വരെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായിട്ടായിരുന്നു ഈ ഓഫർ.
ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് കൂടുതല്‍ സർവീസുകള്‍ വരുന്നത് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കില്‍ വലിയ ലാഭമുണ്ടാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
