എഐയുടെ നിയന്ത്രണം വന്‍കിട കമ്പനികളുടെ കൈകളില്‍ മാത്രം കേന്ദ്രീകരിക്കരുത്; മനുഷ്യകേന്ദ്രിത വികസനത്തിന് ആഹ്വാനവുമായി മാര്‍പ്പാപ്പ

വത്തിക്കാന്‍: നിര്‍മ്മിതബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ നിയന്ത്രണവും തീരുമാനാധികാരവും ഏതാനും കമ്പനികളുടെയോ വ്യക്തികളുടെയോ കൈകളില്‍ മാത്രം കേന്ദ്രീകരിക്കരുതെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ.

മാര്‍പ്പാപ്പ പദവിയേറ്റതിന് ശേഷം പുറത്തിറക്കിയ ആദ്യ പ്രധാന ദൈവശാസ്ത്ര വിജ്ഞാപനമായ ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്’ (മഹത്തായ മാനവികത) എന്ന 235 പേജുള്ള രേഖയിലൂടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

എഐയുടെ വികസനത്തിലും ഉപയോഗത്തിലും കൂടുതല്‍ ഉത്തരവാദിത്തവും പൊതുസമൂഹത്തിന്റെ പങ്കാളിത്തവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ആന്ത്രോപിക് സഹസ്ഥാപകന്‍ ക്രിസ് ഓലയുമായി ചേര്‍ന്നാണ് രേഖ പുറത്തിറക്കിയത്. എഐ മേഖലയിലെ വന്‍കിട കമ്പനികള്‍ക്ക് കൂടുതല്‍ സാമൂഹിക ഉത്തരവാദിത്തം വേണമെന്നും നിര്‍ണായക തീരുമാനങ്ങള്‍ സാങ്കേതിക കമ്പനികള്‍ക്ക് മാത്രം വിട്ടുകൊടുക്കരുതെന്നും ക്രിസ് ഓല അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സ്വതന്ത്ര ശബ്ദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രധാന സ്ഥാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.