Site icon Malayalam News Live

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും; കേസെടുക്കുക കടവന്ത്ര പൊലീസ്

കൊച്ചി: നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും. കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.

 

ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

കേട്ടറിവിന്റെ അടിസ്ഥാനത്തിലുള്ള പരാതിയില്‍ കേസെടുക്കേണ്ടതില്ല എന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിനെതിരെ അന്‍സിബ കോടതിയെ സമീപിക്കുകയായിരുന്നു.

 

ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.

 

ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതം മാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു.

 

താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബ പരാതിയില്‍ ആരോപിച്ചിരുന്നു. മാധ്യമങ്ങളിലൂട വെളിപ്പെടുത്തല്‍ നടത്തിയ ശേഷമായിരുന്നു അന്‍സിബ പൊലീസില്‍ പരാതി നല്‍കിയത്.

Exit mobile version