Site icon Malayalam News Live

‘കോണ്‍ഗ്രസ് എപ്പോഴും നുണ പറയുന്ന പാർട്ടി, ചായകുടിച്ചിരിക്കുമ്പോഴാണ് ടി എൻ പ്രതാപനും പ്രവര്‍ത്തകരും വന്ന് ബഹളംവച്ചത്’; വാടാനപ്പള്ളിയിലെ കിറ്റ് വിവാദം തള്ളി ദേവൻ

തൃശൂർ: വാടാനപ്പള്ളിയില്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ പൂർണമായും തള്ളി ബിജെപി നേതാവും നടനുമായ ദേവൻ.

കോണ്‍ഗ്രസ് എപ്പോഴും നുണ പറയുന്ന പാർട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടയിലാണ് സുഹൃത്തിന്റെ വീട്ടില്‍ ചായ കുടിക്കാൻ കയറിയതെന്ന് ദേവൻ പറഞ്ഞു.

 

‘രാവിലെ എട്ട് മണി മുതല്‍ രാത്രി പത്ത് മണി വരെ നീളുന്ന ചാർട്ട് ചെയ്ത പരിപാടികളാണ് എനിക്കുള്ളത്. വാടാനപ്പള്ളിയിലെ ഒരു കുടുംബയോഗത്തില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ, യോഗം തുടങ്ങാൻ അരമണിക്കൂർ വൈകുമെന്ന് അറിഞ്ഞു. ആ സമയത്താണ് അടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ ചായ കുടിക്കാൻ പോകാമെന്ന് തീരുമാനിച്ചത്. അവിടെ ചായ കുടിച്ചിരിക്കുമ്പോഴാണ് ടി എൻ പ്രതാപന്റെ നേതൃത്വത്തില്‍ ഒരു സംഘം കോണ്‍ഗ്രസ് പ്രവർത്തകർ എത്തി ബഹളം വച്ചത്’. ദേവൻ പറയുന്നു.

 

വീടിനോട് ചേർന്നുള്ള ഗോഡൗണില്‍ കിറ്റുകള്‍ പാക്ക് ചെയ്യുന്നുണ്ടായിരുന്നു എന്നത് സത്യമാണെന്നും എന്നാല്‍ അതിന് തന്റെ സന്ദർശനവുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആ വീട്ടുകാർക്ക് നാല് മാർജിൻ ഫ്രീ ഔട്ട്‌ലെറ്റുകള്‍ ഉണ്ടെന്നും അതിന്റെ ഭാഗമായുള്ള സാധാരണ പാക്കിംഗ് മാത്രമാണ് അവിടെ നടന്നതെന്നും ദേവൻ പറഞ്ഞു. താൻ കിറ്റ് വിതരണം ചെയ്യാൻ എത്തിയതാണെന്ന കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയിലെ സജീവ അംഗമായ തന്നെ കോണ്‍ഗ്രസ് പ്രവർത്തകർ പിന്തുടരുന്നുണ്ടെന്ന് ദേവൻ ആരോപിച്ചു. ‘കോണ്‍ഗ്രസ് ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ല. ഞാൻ അവിടെ എത്തിയപ്പോള്‍ കിറ്റ് വിതരണമാണെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കുകയായിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണ്,’- ദേവൻ പറഞ്ഞു.

 

Exit mobile version