Site icon Malayalam News Live

പ്രതിശ്രുത വധുവിന് നേരെ ആസിഡ് ഒഴിച്ച യുവതി അറസ്റ്റിൽ; ആക്രമണം കാമുകനുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതോടെ, സംഭവം ഡൽഹിയിൽ

തന്റെ കാമുകനെ വിവാഹം കഴിക്കാനൊരുങ്ങിയ അയൽവാസിയായ പെൺകുട്ടിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച 28കാരി അറസ്റ്റിൽ. ഡൽഹിയിലെ ഇന്ദിരാ വിഹാറിൽ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഏപ്രിൽ 19ന് വിവാഹം നടക്കാനിരുന്ന 21കാരിക്ക് നേരെയാണ് വർഷങ്ങളായി സൗഹൃദമുള്ള യുവതി ക്രൂരമായ ആക്രമണം നടത്തിയത്. ആക്രമണത്തിന് ഇരയായ പെൺകുട്ടിയും പ്രതിയായ യുവതിയും വർഷങ്ങളായി ഉറ്റ സുഹൃത്തുക്കളായിരുന്നു. ചൊവ്വാഴ്ച രാവിലെയും ഇരയുടെ വീട്ടിലെത്തി പ്രതി ഭക്ഷണം കഴിച്ചിരുന്നു. തുടർന്ന് ഉച്ചയോടെ വീണ്ടും എത്തിയ യുവതി, തനിക്ക് ഒരു വിവാഹത്തിന് പോകാനുണ്ടെന്നും കയ്യിൽ മൈലാഞ്ചി ഇട്ടുതരണമെന്നും ആവശ്യപ്പെട്ടു.

സ്നേഹപൂർവ്വം പെൺകുട്ടി മൈലാഞ്ചി ഇട്ടു നൽകുന്നതിനിടെ, പ്രതി തന്റെ ബാഗിൽ നിന്ന് നാരങ്ങാവെള്ളമാണെന്ന് പറഞ്ഞ് ഒരു കവർ പുറത്തെടുത്തു. “ഇനി നീ ഇത് കുടിക്കൂ” എന്ന് പറഞ്ഞ് കവറിലുണ്ടായിരുന്ന ആസിഡ് പെൺകുട്ടിയുടെ മുഖത്തേക്കും ശരീരത്തിലേക്കും ആഞ്ഞൊഴിക്കുകയായിരുന്നു.

പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ആക്രമിക്കപ്പെട്ട പെൺകുട്ടി വിവാഹം കഴിക്കാനിരുന്ന യുവാവുമായി പ്രതി വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഈ വിവാഹം തടയാൻ വേണ്ടിയാണ് യുവതി ആസിഡ് ആക്രമണം ആസൂത്രണം ചെയ്തത്. പ്രതിയുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് ഇവർ യുവാവുമായി നിരന്തരം സംസാരിച്ചിരുന്നതായും പോലീസ് കണ്ടെത്തി.

Exit mobile version