Site icon Malayalam News Live

ഗുണമേന്മയുള്ള കാർഷിക വിളകൾ നൽകാമെന്ന് പറഞ്ഞ് വ്യാജ രേഖ ഉണ്ടാക്കി; ഒരു കോടിയിലധികം രൂപ തട്ടിയ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: മണ്ണുത്തിയിലെ കേരള അഗ്രികൾച്ചറൽ ഫാമിന്റെ വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. പുന്നവേലി സ്വദേശി വി.പി. ജെയിംസിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കോടിയിലധികം രൂപ ഇയാൾ തട്ടി. നാട്ടുകാരെ പറ്റിച്ച പണം ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിക്കുന്നത്. ലോട്ടറി എടുക്കുന്ന ശീലവുമുണ്ട്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേരള അഗ്രികൾച്ചറൽ ഫാമിന്റെ വ്യാജ തിരിച്ചറിയൽ രേഖയുമായി വാട്സ്ആപ് മുഖേനയും അല്ലാതെയും ആളുകളെ പരിചയപ്പെടും. ഗുണമേന്മയുള്ള വിത്തിനങ്ങൾ തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിക്കും. പണം വാങ്ങി മുങ്ങും. മലേഷ്യൻ തെങ്ങിൻ തൈ നൽകാമെന്ന് പറഞ്ഞ് തിരുവല്ല വേങ്ങൽ സ്വദേശിയിൽ നിന്ന് തട്ടിയത് ആറ് ലക്ഷത്തിലധികം രൂപ. പെരുമ്പെട്ടി സ്വദേശിക്ക് നഷ്ടമായത് 60 ലക്ഷം.

റംബൂട്ടാനും ജാതിയും തെങ്ങും പ്ലാവും എല്ലാം നൽകാമെന്ന് പറഞ്ഞ് സംസ്ഥാന വ്യാപകമായി പലരെയും പറ്റിച്ചു. പൊലീസിന് നിലവിൽ കിട്ടിയ പരാതികൾ പ്രകാരം ഒരു കോടി 20 ലക്ഷം രൂപയുടെ തട്ടിപ്പ് ജെയിംസ് നടത്തിയിട്ടുണ്ട്. വേറെയും പരാതികൾ വരുമെന്നാണ് പൊലീസ് പറയുന്നത്.

Exit mobile version