Site icon Malayalam News Live

മെഡിക്കലിനായി പോകവേ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു; ഒളിവില്‍ കഴിഞ്ഞത് ഡോക്ടറുടെ പട്ടികള്‍ക്കൊപ്പം; പ്രതിയെ പട്ടിക്കൂട്ടില്‍ നിന്ന് പൊക്കി പോലീസ്

പളളുരുത്തി: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പട്ടിക്കൂട്ടില്‍ നിന്ന് പൊക്കി.

കാപ്പ നിയമ പ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത അരൂക്കുറ്റി വടുതല സ്വദേശി ചെട്ടിപ്പറമ്പ് മനീഷ്(29)ആണ് പിടിയിലായത്.

ഇപ്പോള്‍ ഇടക്കൊച്ചി അക്വിനാസ് കോളേജിന് സമീപം തട്ടേക്കാട് വീട്ടില്‍ ആണ് ഇയാളുടെ താമസം. മെഡിക്കലിനായി ആശുപത്രിയില്‍ കൊണ്ട് പോകവേ ആണ് ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഇയാള്‍ കരുവേലിപ്പടി മൈത്രി നഗറിലെ രണ്ട് വീടുകളില്‍ കയറിയെങ്കിലും വീട്ടുകാർ ചെറുത്തതോടെ ഓടി സമീപത്തെ ഒരു ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടില്‍ ഒളിക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, ഭവന ഭേദനം, ലഹരി കേസ് ഉള്‍പ്പെടെ പന്ത്രണ്ടോളം കേസുകളില്‍ പ്രതിയായ ഇയാളെ കാപ്പ ചുമത്തി ജയിലിലടക്കാൻ ഉത്തരവായിരുന്നു.

ബംഗ്ളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അവിടെ നിന്ന് പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ സൻജു ജോസഫ്, എസ്.ഐ. എം.എം മുനീർ, സീനിയർ സിവില്‍ പൊലീസ് ഓഫീസർ പ്രിജിത്ത്, സിവില്‍ പൊലീസ് ഓഫീസർമാരായ കെ.എസ് ബിബിൻ, ഉമേഷ് ഉദയൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.

Exit mobile version