Site icon Malayalam News Live

കാറിടിച്ചു യുവാവ് മരിച്ച കേസ്; ആശ്രിതര്‍ക്ക് 1.26 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച്‌ കോടതി: നഷ്ടപരിഹാരം മരിച്ചയാളുടെ പ്രായവും പരുക്കിന്റെ ഗൗരവവും പരിഗണിച്ച്‌

തൊടുപുഴ: കാറിടിച്ചു യുവാവു മരിച്ച കേസില്‍ 1.26 കോടി രൂപ നഷ്ടപരിഹാരമായി ആശ്രിതര്‍ക്കു നല്‍കാന്‍ കോടതിവിധി.

കരിങ്കുന്നം നെടുക്കണ്ടം പുതിയാത്ത് വീട്ടില്‍ ഡിജോ പി.ജോസ് (39) മരിച്ച കേസിലാണു വിധി.

2022 ഒക്ടോബര്‍ 2നു രാത്രി 7.30നു വീടിനു മുന്നില്‍ നില്‍ക്കുമ്പോള്‍ അമിതവേഗത്തില്‍ എത്തിയ കാര്‍ ഡിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡിജോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മരിച്ച ഡിജോയുടെ അമ്മയും ഭാര്യയും രണ്ട് കുട്ടികളും വാദികളായും ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍, വാഹന ഉടമ, ഇന്‍ഷുറന്‍സ് കമ്പനി എന്നിവരെ എതിര്‍കക്ഷികളാക്കിയും തൊടുപുഴ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലില്‍ (എംഎസിടി) നല്‍കിയ ഹര്‍ജിയിലാണു വിധി. വാഹനാപകടത്തില്‍ മരിച്ചയാളുടെ പ്രായവും പരുക്കിന്റെ ഗൗരവവും പരിഗണിച്ചാണു നഷ്ടപരിഹാരമായി 1,26,97,000 രൂപയും ഹര്‍ജി ഫയല്‍ ചെയ്ത അന്നു മുതല്‍ 7 ശതമാനം പലിശയും കൊടുക്കാന്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്മനിയോട് എംഎസിടി ജഡ്ജി ആഷ് കെ.ബാല്‍ വിധിച്ചത്.

നഷ്ടപരിഹാര തുക ഉടന്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. വാദികള്‍ക്കായി അഭിഭാഷകരായ എം.എം.തോമസ് മുണ്ടയ്ക്കാട്ട്, അരുണ്‍ ജോസ് തോമസ് മുണ്ടയ്ക്കാട്ട് എന്നിവര്‍ ഹാജരായി.

Exit mobile version