Site icon Malayalam News Live

തല വേർപെട്ടു, ഒരു കാൽ ഉടലിൽ നിന്നും അറ്റു, വിചരിച്ചതിലും നേരത്തെ എബ്രഹാം ലിങ്കൺ ഉരുകി പോയി; മെഴുകുപ്രതിമയുടെ ആയുസ്സ് 37 ഡിഗ്രി സെൽഷ്യസിൽ തീർന്നു

വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ സ്ഥാപിച്ചിരുന്ന എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ കനത്ത ചൂടിൽ ഉരുകി. പ്രതിമയുടെ തല വേർപെട്ടു. 37 ഡിഗ്രി സെൽഷ്യസ് ചൂടാണ് വാഷിംഗ്ടണ്ണിൽ രേഖപ്പെടുത്തിയത്.

ആറടി ഉയരമുള്ള എബ്രഹാം ലിങ്കണിന്‍റെ പ്രതിമ വേനൽച്ചൂടിലാണ് ഉരുകാൻ തുടങ്ങിയത്. നോർത്ത് വെസ്റ്റ് വാഷിംഗ്ടണിലെ ഒരു സ്കൂളിൽ സ്ഥാപിച്ച പ്രതിമയാണ് ചൂടിൽ ഉരുകിയത്.

ആദ്യം പ്രതിമയുടെ തല ഉരുകുകയും തുടർന്ന് ഒരു കാൽ ഉടലിൽ നിന്ന് വേർപെടുകയും ചെയ്തു. താപനില 37.7 ഡിഗ്രി സെൽഷ്യസിൽ എത്തിയപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ആർട്ടിസ്റ്റ് സാൻഡി വില്യംസ് നാലാമനാണ് പ്രതിമയുടെ ശിൽപ്പി.

പ്രതിമയുടെ തല താഴെ വീഴുമെന്ന ഘട്ടത്തിൽ നീക്കം ചെയ്തതാണെന്ന് കൾച്ചറൽ ഡിസി അറിയിച്ചു. മെഴുകുതിരി പോലെ കാലക്രമേണ ഉരുകുന്ന തരത്തിലാണ് ശിൽപം രൂപകൽപന ചെയ്തിരിക്കുന്നതെങ്കിലും കടുത്ത ചൂട് ഈ പ്രക്രിയയെ കണക്കുകൂട്ടിയതിലും വേഗത്തിലാക്കിയെന്ന് കൾച്ചറൽ ഡിസി വിശദീകരിച്ചു.

60 ഡിഗ്രി സെൽഷ്യസിൽ ഉരുകുന്നതോ കഠിനമാകുന്നതോ ആയ മെഴുക് ആണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഓർമയെന്ന നിലയിൽ ഇൻസ്റ്റലേഷൻ സെപ്തംബർ വരെ സ്കൂളിൽ തുടരാനാണ് കൾച്ചറൽ ഡിസിയുടെ ലക്ഷ്യം.

Exit mobile version