കാസര്‍കോട്: കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നായ കാസര്‍കോട് മൊഗ്രാലില്‍ അബ്ദുള്‍ സലാമിനെ കഴുത്തറുത്ത് കൊന്ന കേസില്‍ ഇന്ന് ശിക്ഷ പ്രഖ്യാപിക്കും.
ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. 2017 ഏപ്രില്‍ 30 ന് വൈകിട്ടാണ് പൊട്ടോരിമൂലയിലെ അബ്ദുല്‍ സലാമിനെ മൊഗ്രാല്‍ മാളിയങ്കര കോട്ടയില്‍ വച്ച് കഴുത്തറുത്ത് കൊന്നത്.
സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സലാമിനെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതികള്‍ തല ഉപയോഗിച്ച് ഫുട്‌ബോള്‍ കളിച്ചുവെന്നാണ് കുറ്റപത്രം.
കേസില്‍ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരെ കോടതി വെറുതെ വിട്ടിരുന്നു.
കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമര്‍ ഫാറൂഖ്, പെര്‍വാഡിലെ സഹീര്‍, പേരാല്‍ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാല്‍ മാളിയങ്കരകോട്ടയിലെ ലത്തീഫ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്. ജഡ്ജി കെ പ്രിയയാണ് ഇന്ന് ശിക്ഷ പ്രഖ്യാപിക്കുക.
