Site icon Malayalam News Live

തോമസ് കെ തോമസിന് മന്ത്രിയാകാന്‍ തടസമാകില്ല; പിടിവാശി കൊണ്ടാണ് താന്‍ മന്ത്രിപദവിയില്‍ തുടരുന്നതെന്ന് പ്രചരിപ്പിക്കരുതെന്ന് എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: തോമസ് കെ തോമസ് എംഎല്‍എയ്ക്ക് മന്ത്രിയാകാന്‍ താന്‍ ഒരു തടസ്സമാകില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.

ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്താന്‍ തോമസ് കെ തോമസിന് സ്വാതന്ത്ര്യം ഉണ്ടെന്നും അതില്‍ അച്ചടക്കലംഘനം ഇല്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
പിടിവാശിക്കൊണ്ടാണ് താന്‍ മന്ത്രിപദവിയില്‍ തുടരുന്നതെന്ന് പ്രചരിപ്പിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി സ്ഥാനത്ത് നിന്നും മാറാന്‍ തയ്യാറാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. നാട്ടില്‍ പ്രചരിപ്പിക്കുന്നതുപോലെ ഒരു കാര്യവും എന്‍സിപിയില്‍ നടക്കുന്നില്ല. തോമസ് കെ തോമസ് ശരദ് പവാറിനെ കാണുന്നത് അച്ചടക്ക ലംഘനമോ പാര്‍ട്ടി വിരുദ്ധമോ അല്ല. പല കാര്യങ്ങളും സംസാരിക്കാനും സൗഹൃദ സന്ദര്‍ശനം നടത്തുകയും ചെയ്യാം.

രണ്ട് മാസം മുൻപ് മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ശരദ് പവാര്‍ ബോംബെയില്‍ എന്നെയും തോമസ് കെ തോമസിനെയും പി സി ചാക്കോയെയും വിളിപ്പിച്ചിരുന്നു. അന്ന് ആശയവിനിമയം നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വന്നതോടെ തീരുമാനം നീണ്ടുപോയി. അതിന്റെ ബാക്കിയാണ് ഇന്നലെ നടന്നത്’, എ കെ ശശീന്ദ്രന്‍ പറഞ്ഞു.

തോമസ് കെ തോമസ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായ കാര്യങ്ങള്‍ അറിയില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Exit mobile version