അഞ്ച് കൊതുകുജന്യ രോഗങ്ങള്‍ പകരാൻ സാദ്ധ്യത; ജാഗ്രത വേണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ പടരുന്നതിന് കാരണമാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുകുവഴി പടരാൻ സാദ്ധ്യതയുണ്ട് അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും മന്ത്രി അറിയിച്ചു.

വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാൻ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാൻ മുൻകരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിർദ്ദേശം നല്‍കി. ഈഡിസ് ഊജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കുവൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.