ഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പാർപ്പിക്കാനായി ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.
കെജ്രിവാളിനെ തിഹാറിലെ 5-ാം നമ്പർ ജയിലില്‍ പാർപ്പിക്കാനാണ് സാധ്യത. കൊടുംകുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളില്‍ നിന്ന് അകലെയാകും അദ്ദേഹത്തെ പാർപ്പിക്കുക.
ഇ.ഡി. കസ്റ്റഡിയില്‍ കഴിയുന്ന കെജ്രിവാളിനെ നിലവില്‍ പാർപ്പിച്ചിരിക്കുന്നത് എൻഫോർസ്മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്തെ ലോക്കപ്പ് സെല്ലിലാണ്. രണ്ട് ലോക്കപ്പ് സെല്ലുകളില്‍ ഒന്നാമത്തെ സെല്ലിലാണ് നിലവില്‍ അദ്ദേഹമുള്ളത്.
മാർച്ച് 28 ന് കസ്റ്റഡി കാലാവധി കഴിയുന്ന അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. ഇ.ഡി. കസ്റ്റഡിയില്‍ ആവശ്യപ്പെടാനുള്ള സാധ്യത കുറവായതിനാലാണ് തിഹാർ ജയിലില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചത്.
