ഇടുക്കി: ഇടുക്കി അടിമാലിയില്‍ മാങ്കുളത്ത് 3 പേരുടെ ജീവൻ നഷ്ടമായ വാഹനാപകടത്തില്‍ പെട്ടത് തമിഴ്നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ സംഘം.
തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്പനിയില്‍ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. ആനന്ദ പ്രഷർ കുക്കർ കമ്പനിയിലെ ഫാമിലി ടൂർ ആയിരുന്നു ദുരന്തത്തിലവസാനിച്ചത്. കമ്പനിയിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. മാങ്കുളത്ത് നിന്ന് ആനക്കുളത്തേക്ക് വരുന്ന വഴി കുവറ്റ് സിറ്റിക്ക് ശേഷമുള്ള ഒരു വളവില്‍ വെച്ചാണ് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞത്.
നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് 30 അടി താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത്. വളരെ താഴെയായി വാഹനം കിടന്നതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തില്‍ നിന്നും ആളുകളെ പുറത്തെടുക്കാൻ സാധിച്ചത്.
മൂന്ന് വാഹനങ്ങളിലായാണ് ഇവർ യാത്ര തിരിച്ചത്. രണ്ട് ട്രാവലറും ഒരു ഇന്നോവയും. അതിലൊരു ട്രാവലറാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ ഒരു വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ 3 പേർ ഉള്‍പ്പെടുന്നു. വാഹനത്തില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ചികിത്സയില്‍ കഴിയുന്ന 11 പേരില്‍ 2 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ച കുഞ്ഞിന്റെ അമ്മയുടെ നിലയും ഗുരുതരമായി തന്നെ തുടരുകയാണ്.
