കോട്ടയം കടുത്തുരുത്തിയിൽ മോഷണകുറ്റം ആരോപിച്ച്‌ ബാർ ജീവനക്കാരന് മാനേജറുടെ ക്രൂരമർദ്ദനം

കോട്ടയം: മോഷണകുറ്റം ആരോപിച്ച്‌ ബാർ ജീവനക്കാരന് മാനേജറുടെ നേതൃത്വത്തില്‍ ക്രൂരമർദനം.

സംഭവം നടന്നത് കോട്ടയം കടുത്തുരുത്തിയിലെ സോഡിയാക് ബാറില്‍.
മൂന്നാഴ്ച്ച മുൻപ് നടന്ന മർദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ കടുത്തുരുത്തി പൊലീസ് അന്വേഷണം തുടങ്ങി.

മര്‍ദ്ദനമേറ്റ് അവശനായി വീണയാളെ മാനേജര്‍ ക്രൂരമായി മുഖത്ത് തൊഴിക്കുന്നതും ശരീരത്തില്‍ ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. ജീവനക്കാരന്‍ പണം മോഷ്ടിച്ചെന്നായിരുന്നു ആരോപണം. പൊലീസില്‍ പരാതി നല്‍കാതെ, ബാര്‍ മാനേജരുടെ നേതൃത്വത്തില്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മോഷ്ടിച്ച പണം കണ്ടെത്താന്‍ വസ്ത്രമഴിച്ച്‌ പരിശോധിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുമ്പോഴും ആദ്യം കേസെടുക്കാന്‍ കടുത്തുരുത്തി പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നായിരുന്നു പൊലീസിന്റെ വാദം.
മര്‍ദ്ദനമേറ്റയാളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.