കോഴിക്കോട് നടന്ന റിപ്പബ്ലിക് ദിന പരേഡ്; മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിക്കാന്‍ ഉപയോഗിച്ചത് കരാറുകാരന്‍റെ ജീപ്പ്

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട് നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിക്കാന്‍ ഉപയോഗിച്ചത് കരാറുകാരന്‍റെ ജീപ്പ്.

സാധാരണയായി റിപ്പബ്ലിക് ദിന പരേഡില്‍ പൊലീസിന്‍റെ വാഹനങ്ങള്‍ ആണ് മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിക്കാറുള്ളത്. എന്നാല്‍ മന്ത്രി മുഹമ്മദ് റിയാസ് സ്വകാര്യ വാഹനം ഉപയോഗിച്ചതാണിപ്പോള്‍ വിവാദമായിരിക്കുന്നത്.

കോഴിക്കോട്ടെ കൈരളി കണ്‍സ്ട്രക്ഷൻസിന്‍റെ വാഹനത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത്. കമ്ബനിയുടെ പേര് മറച്ചുകൊണ്ടാണ് വാഹനം പരേഡില്‍ ഉപയോഗിച്ചത്.

തുറന്ന ജീപ്പിലാണ് മന്ത്രി റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചത്. മാവൂര്‍ സ്വദേശി വിപിന്‍ ദാസന്‍റെ ഉടമസ്ഥതയിലുള്ള ജീപ്പാണിത്.

അതേസമയം, പൊലീസിന്‍റെ പക്കല്‍ വാഹനമില്ലാതിരുന്നതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടിവന്നതെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ വിശദീകരണം.