എരുമേലി : കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ തീര്‍ത്ഥാടകരെ കണ്ടെത്തി തിരിച്ചു നല്‍കി മാതൃകയായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍.
തിങ്കളാഴ്ച രാവിലെ കോട്ടയത്ത് നിന്നും പമ്ബയ്ക്ക് സര്‍വീസ് നടത്തിയ ബസിലാണ് സംഭവം. പമ്ബ സ്പെഷ്യല്‍ സര്‍വീസ് നടത്തുന്ന മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടര്‍ സുബീഷ് ടി എസ്, പാലാ ഡിപ്പോയിലെ ഡ്രൈവര്‍ പി സേതുറാം എന്നിവരാണ് ബസിനുള്ളില്‍ കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ തീര്‍ത്ഥാടകരെ കണ്ടെത്തി തിരിച്ചു നല്‍കിയത്.
ഹൈദരാബാദ് സ്വദേശി ബി മോഹൻ റാവുവിന്റെ നേതൃത്വത്തില്‍ എത്തിയ തീര്‍ത്ഥാടക സംഘത്തിന്റെ പണമാണ് ബസില്‍ മറന്നു വെച്ചത്. ബസ് പമ്ബയില്‍ എത്തിയപ്പോള്‍ ആണ് ആളില്ലാത്ത ഒരു ബാഗ് കണ്ടക്ടറുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പണം അടങ്ങിയ ബാഗ് ആണ് എന്ന് മനസിലായി. ബാഗില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്ബറില്‍ കണ്ടക്ടര്‍ സുബീഷ് തീര്‍ത്ഥാടകരെ ബന്ധപ്പെട്ടു.
എരുമേലിയില്‍ ഇറങ്ങിയ തീര്‍ത്ഥാടകര്‍ ആണെന്ന് മനസിലായതോടെ ബസ് പമ്ബയില്‍ നിന്നും തിരികെ വരുന്ന വഴി എരുമേലി ഡിപ്പോയില്‍ എത്തി. പണം അടങ്ങിയ ബാഗ് എരുമേലി ഇൻസ്‌പെക്ടര്‍ ഇൻചാര്‍ജ് ഷാജി കെ പാലക്കാട്ടിന്റെ നേതൃത്വത്തില്‍ തീര്‍ത്ഥാടകര്‍ക്ക് കൈമാറി. നഷ്ടമായി എന്ന് കരുതിയ പണം തിരികെ ലഭിച്ച തീര്‍ത്ഥാടകര്‍ ജീവനക്കാര്‍ക്കും കെഎസ്‌ആര്‍ടിസിക്കും നന്ദി പറഞ്ഞ് മടങ്ങി. മാതൃകാപരവും സത്യസന്ധതവും മനുഷ്യത്വപരവുമായ പെരുമാറ്റത്തിന് കണ്ടക്ടര്‍ സുബീഷ് ടിഎസ്, ഡ്രൈവര്‍ പി സേതു റാം എന്നിവരെ കെഎസ്‌ആര്‍ടിസി അഭിനന്ദിച്ചു.
