യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത് യുവാവ്; പിടികൂടി മര്‍ദിച്ച്‌ നാട്ടുകാര്‍

മംഗളൂരു: ഉഡുപ്പി കാര്‍ക്കളയില്‍ യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം സിറ്റി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ചാണ് യുവതിയെ നിരന്തരം പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തയാളെ നാട്ടുകാര്‍ ഇടപെട്ട് പിടികൂടിയത്. ഇരവത്തൂര്‍ സ്വദേശിയായ ജഗദീഷ് പൂജാരി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

നാട്ടുകാരെയും യാത്രക്കാരെയും അസഭ്യം പറഞ്ഞ ജഗദീഷിനെ ചിലര്‍ മര്‍ദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. നഗരത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെയാണ് ജഗദീഷ് ശല്യം ചെയ്തത്.

യുവതിയെ തടഞ്ഞു നിര്‍ത്തി കൈയില്‍ പിടിക്കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ജഗദീഷ് യുവതിയെ പിന്തുടര്‍ന്നെത്തിയത്. മുന്‍പ് ജഗദീഷ് തന്നോട് പ്രണയാഭ്യര്‍ത്ഥ നടത്തിയിരുന്നെന്നും അതില്‍ താന്‍ എതിര്‍പ്പ് അറിയിച്ചിരുന്നെന്നും യുവതി പറഞ്ഞു.

താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും ജഗദീഷ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നത് തുടരുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ജഗദീഷിനെതിരെ മുന്‍പും സമാന പരാതികള്‍ ലഭിച്ചിരുന്നെന്നും കാര്‍ക്കള സിറ്റി പൊലീസ് അറിയിച്ചു.